കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്‌

കാഞ്ഞിരപ്പള്ളി: അമിതവേഗതയില്‍ എത്തിയ കാറിടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്. കാഞ്ഞിരപ്പള്ളി മാണ്ടുക്കുഴി കാളശ്ശേരിയില്‍ വിന്‍സന്റ്-അനിത ദമ്പതിമാരുടെ മകന്‍ വിനീതിനാണ്(5) പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടമപ്പുഴപാലത്തിന് സമീപത്തായിരുന്നു സംഭവം.വേദപാഠം കഴിഞ്ഞ് പള്ളിയില്‍നിന്ന് വീട്ടിലേക്ക് പോകുവഴിയായിരുന്നു അപകടം. പരിക്കേറ്റ വീനിതിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി പോലിസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തു.

മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. ലോകനിലവാരത്തില്‍ റോഡ് നിര്‍മിച്ചതോടെ വാഹനങ്ങള്‍ അമിത വേഗമെടുക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ആഴ്ചകള്‍ മുമ്പ് ബൈക്ക് യാത്രികന് ഇവിടെ നടന്ന അപകടത്തില്‍ പരിക്കേറ്റിരുന്നു. അപകടം പതിവായ മേഖലയില്‍ സുരക്ഷാസംവിധാനം ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.