കാറ്റിൽ മരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാനിനു മേൽ വീണു

കാഞ്ഞിരപ്പള്ളി∙ ഇന്നലെ വൈകിട്ട് പെയ്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന വാനിന്റെ മുകളിലേക്കു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. മരശിഖരങ്ങൾ വാഹനത്തിന്റെ മേൽ പതിച്ചെങ്കിലും അപകടം ഒഴിവായി. ദേശീയപാതയിൽ പഞ്ചായത്ത് ഓഫിസിന് സമീപം വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

തടസ്സപ്പെട്ട ഗതാഗതം ഫയർഫോഴ്‌സ് എത്തി മരം വെട്ടിമാറ്റിയതോടെ പുനഃസ്ഥാപിച്ചു. കാറ്റിൽ കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മണ്ണാറക്കയത്തും ഈരാറ്റുപേട്ട റോഡിൽ വില്ലണിക്കു സമീപവും മരങ്ങൾ ഒടിഞ്ഞു വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരങ്ങൾ വെട്ടിമാറ്റി. പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.