കാറ്റിൽ വൻ നാശനഷ്ടം

എരുമേലി∙ കനത്ത കാറ്റിലും മഴയിലും കിഴക്കൻ മേഖലയിൽ നാശനഷ്ടം. മഹാത്മാ ഗാന്ധി സ്മാരക ഗവ.സ്കൂളിന്റെ വളപ്പിൽ നിന്ന കൂറ്റൻ ആഞ്ഞിലിമരം പിഴുതുവീണു. അധ്യയന കാലമല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. മുട്ടപ്പള്ളി നിയാസ് ഹസന്റെ വീടു പൂർണമായി തകർന്നു. വൈകുന്നേരം മഴയ്ക്കൊപ്പമാണു ശക്തമായ കാറ്റുവീശിയത്. അപകടകരമായി നിൽക്കുന്ന 100 ഇഞ്ചിനു മുകളിൽ വണ്ണവും 100 അടിയിലേറെ ഉയരവുമുള്ള ആഞ്ഞിലിയാണു കടപുഴകി വീണത്.

മരം മുറിച്ചുമാറ്റണമെന്നു പരിസരവാസികളും വിവിധ സംഘടനകളും സ്കൂൾ അധികൃതരോട് ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. അയൽവാസി ഇലവുങ്കൽ അനിലിന്റെ പറമ്പിലേക്കു വീണ മരം നാശനഷ്ടങ്ങളുണ്ടാക്കി. സ്കൂൾ പ്രവർത്തിക്കുന്ന സമയത്താണു മരം വീണിരുന്നതെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമായിരുന്നെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇതേപോലെ അപകടഭീഷണി സൃഷ്ടിച്ചു മറ്റൊരു മരം കൂടി സ്കൂൾ വളപ്പിലുണ്ട്. ഈ മരം ഉടൻ മുറിച്ചുമാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കാറ്റിൽ മനോരമ ഏജന്റ് മുട്ടപ്പള്ളി കുന്നുംപുറത്തു നിയാസിന്റെ വീടു പൂർണമായി തകർന്നു. ആസ്ബസ്റ്റോസ് ഷീറ്റുകൾ എല്ലാം നശിച്ചു. കാറ്റിൽ മരം ഒടിഞ്ഞുവീണതിനെ തുടർന്ന് ഇടകടത്തി പാതയിൽ ഏറെനേരം വാഹന ഗതാഗതം നിലച്ചു.