കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: മഴക്കൊപ്പമെത്തിയ ശക്‌തമായ കാറ്റില്‍ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശം. നിരവധിയാളുകളുടെ വീടിനു മുകളിലേയ്‌ക്ക്‌ മരം വീണ്‌ വീട്‌ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ റോഡിലേയക്ക്‌ മരം വീണ്‌ ഗതാഗതവും സ്‌തംഭിച്ചു.

താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെയുണ്ടായ കാറ്റാണ്‌ വ്യപകനാശം വിതച്ചത്‌. ആനക്കല്ല്‌ പൊന്‍മല കുളമറ്റം ദേവസ്യയുടെ വീടിനു മുകളിലേയ്‌ക്ക്‌ സമീപ പറമ്പിലെ ആഞ്ഞിലിമരം കടപുഴകി വീണ്‌ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത പുതുക്കലേങ്ങില്‍ മൊയ്‌തീന്റെ വീടിനു മുകളിലേയ്‌ക്ക്‌ മഹാഗണിയുടെ ശിഖരം ഒടിഞ്ഞു വീണു. മേഖലയിലെ റബര്‍തോട്ടങ്ങളിലെ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ലൈനുകളിലേക്ക്‌ മരം വീണ്‌ പ്രദേശത്തെ വൈദ്യുതി വിതരണം തടസപെട്ടു.

തമ്പലക്കാട്‌ കളരിക്കല്‍ അരവിന്ദാക്ഷന്‍ നായരുടെ വീടിനു മുകളിലേക്ക്‌ രണ്ട്‌ റബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണ്‌ വീട്‌ ഭാഗികമായി തകര്‍ന്നു. വീടിന്റെ മൂന്ന്‌ മുറികളുടെ മേല്‍ക്കൂര തകര്‍ന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ഉണ്ടായ കാറ്റിലാണ്‌ മരം ഒടിഞ്ഞു വീണത്‌. വീടിന്‌ മുന്‍വശത്തുള്ള ഒരു മരത്തിനു മുകളിലേക്ക്‌ മറ്റൊരു മരം വീണതിനെ തുടര്‍ന്ന്‌ ഇരുമരങ്ങളും ഒടിഞ്ഞ്‌ വീടിനു മുകളിലേക്ക്‌ പതിക്കുകയായിരുന്നു.

ദേശീയപാതയില്‍ ചിറ്റടി പെരിഞ്ചേരി പാലത്തിനു സമീപം റോഡിലേയ്‌ക്ക്‌ റബര്‍ മരം ഒടിഞ്ഞു വീണ്‌ ഗതാഗതതടസം ഉണ്ടായി. തുടര്‍ന്ന്‌ അഗ്നിശമനസേനയെത്തിയാണ്‌ മരം വെട്ടിമാറ്റിയത്‌. കാഞ്ഞിരപ്പള്ളി -എരുമേലി റോഡില്‍ കൂവപ്പള്ളിക്ക്‌ സമീപം മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേയ്‌ക്ക്‌ വീണത്‌ നാട്ടുകാരാണ്‌ വെട്ടിമാറ്റിയത്‌. പലയിടങ്ങളിലും വൈദ്യുതി ലൈനുകളിലേയ്‌ക്ക്‌ മരങ്ങള്‍ വീണതോടെ വൈദ്യുതി വിതരണം മണിക്കൂറുകളോളം നിലച്ചു.

tree-on-the-house-kallampalli

കഴിഞ്ഞദിവസമുണ്ടായ കാറ്റില്‍ മരം വീണ് തകര്‍ന്ന ആനക്കല്ല് കല്ലമ്പള്ളി ജോസ് കെ. ജോസഫിന്റെ വീട്.