കാറ്റ്: ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞിരപ്പള്ളി ∙ കനത്തമഴയും ശക്തമായ കാറ്റും താലൂക്കിൽ ഒരു ദിവസം വിതച്ചത് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്.

തിങ്കളാഴ്ചയുണ്ടായ കാറ്റിലും മഴയിലും താലൂക്കിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പാറത്തോട് പഞ്ചായത്തിൽ മാത്രം 50 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. കാഞ്ഞിരപ്പള്ളി, ഇളങ്ങുളം വില്ലേജുകളിൽ നാലു വീടുകൾ വീതം ഭാഗികമായി തകർന്നു. മുണ്ടക്കയം വില്ലേജിൽ രണ്ടു വീടുകൾക്കും ഇടക്കുന്നം, കൂട്ടിക്കൽ, മണിമല വില്ലേജുകളിൽ ഒരോ വീടിനും നാശമുണ്ടായി.

പാറത്തോട് പഞ്ചായത്ത് പരിധിയിൽ മാത്രം 50 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായി ക‍ൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. പഞ്ചായത്തിലെ 30 ഹെക്ടറോളം സ്ഥലത്തെ കൃഷികൾ നശിച്ചതായി കൃഷി ഓഫിസർ അറിയിച്ചു. ടാപ്പ് ചെയ്യുന്ന 600 റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞും കടപുഴകിയും നശിച്ചു. മൂന്നു ഹെക്ടറോളം സ്ഥലത്തെ വാഴകളും രണ്ടു ഹെക്ടറോളം സ്ഥലത്തെ കുരുമുളകും ഒരു ഹെക്ടർ സ്ഥലത്തെ മരച്ചീനിയും നശിച്ചു.

70 പ്ലാവുകളും 25 തെങ്ങുകളും കടപുഴകിയും ഒടിഞ്ഞും വീണു. മാവ്, തേക്ക്, ആഞ്ഞിലി തുടങ്ങിയ മറ്റുമരങ്ങളും കാറ്റിൽ നശിച്ചു. കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ പരിധിയിൽ 100 റബർ മരങ്ങൾ കാറ്റിൽ നിലംപതിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൃഷിയിടങ്ങളിൽ വെള്ളംകയറി ആയിരത്തോളം വാഴകളും രണ്ടായിരത്തോളം കപ്പകളും നശിച്ചു. പച്ചക്കറി കൃഷിക്കും നാശമുണ്ടായി.

പാറത്തോട് വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അധികൃതർ കണക്കാക്കുന്നത്. തിങ്കളാഴ്ചയുണ്ടായ പ്രകൃതിക്ഷോഭത്തിൽ 11 കെവി എച്ച്ടി പോസ്റ്റുകൾ 14 എണ്ണവും എൽടി പോസ്റ്റുകൾ 12 എണ്ണവും ഒരു ട്രാൻസ് ഫോർമമറും തകർന്നു. വൈദ്യുതി ലൈനുകൾ പൊട്ടിയും ഏറെ നഷ്ടമുണ്ടായി.

മഴ തുടരാതിരുന്നാൽ നാലു ദിവസത്തിനുള്ളിൽ മേഖലയിലെ വൈദ്യുതി തകരാറുകൾ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ.പൊടിമറ്റം വണ്ടൻപാറ ശുദ്ധജലപദ്ധതി ഉൾപ്പെടെ നൂറിലധികം ഗുണഭോക്താക്കൾക്കു വേണ്ടി സ്ഥാപിച്ചിരുന്ന ട്രാൻസ് ഫോർമറാണ് കാറ്റിൽ നിലംപതിച്ച് തകരാറിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പള്ളത്തുനിന്നു പുതിയ ട്രാൻസ് ഫോർമർ എത്തിച്ചു സ്ഥാപിക്കാനും സമയമെടുക്കും.

പ്രദേശത്ത് താറുമാറായ ഗതാഗത സൗകര്യങ്ങൾ പൂർവസ്ഥിതിയിലായി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് റോഡുകളിലേക്കു വീണ മരങ്ങളും മറ്റും വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണതിനെ തുടർന്ന് ആനക്കല്ല്– പൊടിമറ്റം റോഡ്, പൊടിമറ്റം– സെന്റ് ജോസഫ് പള്ളി റോഡ്, പാറത്തോട് പള്ളിപ്പടി– ഇടക്കുന്നം റോഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു.