കാലിത്തീറ്റ വിതരണത്തിൽ 4 മണിക്കൂർ കുരുങ്ങി നഗരം

പൊൻകുന്നം ∙ ചിറക്കടവ് പഞ്ചായത്തിന്റെ കാലിത്തീറ്റ വിതരണത്തിൽ കെവിഎംഎസ് ജംക്‌‌ഷൻ കുരുങ്ങിപ്പോയത് 4 മണിക്കൂർ. 3 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു. കുരുക്കിൽ ആംബുലൻസും പെട്ടു. കുരുക്കു മുറുകിയതോടെ പൊലീസ് സ്ഥലത്തെത്തി.ചിറക്കടവ് പഞ്ചായത്തിലെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണമാണു കെവിഎംഎസ് ജംക്‌‌ഷനിൽ ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ഇന്നലെ 10 മുതൽ ഒന്നു വരെ പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ വിതരണം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ അറിയിപ്പിനു വിപരീതമായി വിതരണം നടത്തിയതു ചിറക്കടവ് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ താഴത്തെ നിലയിൽ ഉള്ള പാർക്കിങ് നിലയിലാണ്. കാലിത്തീറ്റ വാങ്ങാൻ എത്തിയ വാഹനങ്ങൾ തിരക്കേറിയ പൊൻകുന്നം – എരുമേലി റോഡിൽ നിർത്തിയതാണു ഗതാഗത സ്തംഭനം ഇടയാക്കിയത്.

പൊൻകുന്നം – എരുമേലി റൂട്ടിൽ കെവിഎംഎസ് ജംക്‌ഷനിലുള്ള കൊടുംവളവിലാണു പഞ്ചായത്ത് ഓഫിസ‌് ഉള്ളത്. പൊൻകുന്നം, ചെറുവള്ളി, ഗ്രാമദീപം, അരവിന്ദപുരം ക്ഷീര സംഘങ്ങളിൽ അപേക്ഷ നൽകിയവർക്ക് ഇന്നലെ 10 മുതൽ ഒന്നു വരെ പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ വിതരണം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. പൊൻകുന്നം, ചെറുവള്ളി, ഗ്രാമദീപം, അരവിന്ദപുരം ക്ഷീര സംഘങ്ങളിൽ അപേക്ഷ നൽകിയ 220 പേർക്കുള്ള കാലിത്തീറ്റയാണ് ഇവിടെ നിന്നു വിതരണം ചെയ്തത്. 4 ചാക്ക് കാലിത്തീറ്റയാണ് ഓരോ കർഷകനും നൽകുന്നത്.

കാലിത്തീറ്റ കൊണ്ടുപോകുന്നതിനായി ഗുണഭോക്താക്കൾ എല്ലാരും വാഹനങ്ങളും ആയി എത്തിയതാണു പ്രശ്നമായത്. റോഡിന്റെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഇരുവശത്തും നിന്നുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയിൽ വാഹനം എടുക്കുന്നതു സംബന്ധിച്ച് തർക്കവും വാക്കേറ്റം ഉണ്ടായി. ഒടുവിൽ വാഹനങ്ങളുമായി എത്തിയവർ തന്നെ ഇടപെട്ടാണു കുരുക്ക് അഴിച്ചുപോയത്.

ഇത്തവണ ആദ്യമായി തുടങ്ങിയ പദ്ധതിയാണ് ഇതെന്നും എല്ലായിടത്തും പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇതുവരെ നടത്തിയതെന്നും ഇതുവരെ ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടില്ല എന്നും അടുത്ത തവണ ഇതിനു പരിഹാരം കാണും എന്നും വാഴൂർ ബ്ലോക്ക് ക്ഷീരവികസന ഓഫിസർ പറഞ്ഞു.