കാളകെട്ടി കർഷക സംഗമത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി

കാളകെട്ടി∙ കർഷക സംഗമത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. വിഷരഹിത ഭക്ഷണ നിർമിതി, ശരിയായ ഭക്ഷണശീലം, വിപണികളിലെ സുതാര്യത എന്നീ വിഷയങ്ങൾ മുൻനിർത്തി കാഞ്ഞിരപ്പള്ളി ഗ്രീൻഷോർ, പ്രാദേശിക കാർഷിക വിപണികൾ, കുമരകം പ്രാദേശിക കൃഷിവിജ്‌ഞാന കേന്ദ്രം, ആത്മ കോട്ടയം, കാർഷിക കൂട്ടായ്‌മകൾ എന്നിവയുമായി സഹകരിച്ചു നടത്തിയ കർഷക സംഗമത്തിലാണു കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലെ എൻഎസ്‌എസ് വൊളന്റിയർമാർ കാർഷിക രംഗത്തെ പരമ്പരാഗത ശൈലികളെക്കുറിച്ച് അടുത്തറിയാൻ എത്തിയത്.

വിഷലിപ്‌തമായ മറുനാടൻ പച്ചക്കറികളെക്കുറിച്ചുള്ള ആശങ്കകൾ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തദ്ദേശീയ ഭക്ഷ്യവിളകളുടെ പ്രചാരണം എന്നിവയെക്കുറിച്ചും കുട്ടികൾ മുതിർന്നവരോടു ചോദിച്ചറിഞ്ഞു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തു പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻഷോർ ചെയർമാൻ ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു .പഞ്ചായത്തംഗങ്ങളായ ചാക്കോച്ചൻ ചുമപ്പുങ്കൽ, മാത്യു ജേക്കബ് വാണിയപ്പുരയ്‌ക്കൽ, ഹരിതമൈത്രി ജനറൽ സെക്രട്ടറി സോജി കുരീക്കാട്ടുകുന്നേൽ, കാളകെട്ടി കർഷകവിപണി പ്രസിഡന്റ് ജോർജ് കുര്യൻ പൊട്ടംകുളം, കുര്യൻ ജോർജ് കുരുവിനാക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

പഠന പരിപാടികൾക്കു കുമരകം പ്രാദേശിക കൃഷിവിജ്‌ഞാന കേന്ദ്രത്തിലെ ടെക്‌നിക്കൽ ഓഫിസർ ജോളി ജോസഫ്, ആത്മ എടിഎം പി.ജെ. മാത്യു എന്നിവർ നേതൃത്വംനൽകി. പത്താൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ലഫ്. കേണൽ നിരഞ്‌ജന് ആദരാഞ്‌ജലികൾ അർപ്പിച്ചാണു കർഷകസംഗമം ആരംഭിച്ചത്. ഭീകരതയ്‌ക്കെതിരെയുള്ള ഐക്യദാർഢ്യപ്രതിജ്‌ഞ അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലെ എൻഎസ്‌എസ് കോ–ഓർഡിനേറ്റർ ബിനോ കെ. തോമസ് ചൊല്ലിക്കൊടുത്തു.