കാ​ഞ്ഞിരപ്പള്ളിയിൽ വിശപ്പുരഹിത പദ്ധതിക്കു തുടക്കമായി

കാഞ്ഞിരപ്പള്ളി ∙ കേരളപ്പിറവി ദിനത്തിൽ കാഞ്ഞിരപ്പള്ളിയിൽ വിശപ്പുരഹിത പദ്ധതിക്കു തുടക്കമായി. നഗരത്തിലെത്തുന്നവർക്ക് പണമില്ലാത്തതിന്റെ പേരിൽ ഇനി വിശന്നിരിക്കേണ്ടി വരില്ല. നവ മാധ്യമ-സന്നദ്ധ കൂട്ടായ്മയായ സോഷ്യൽ ആക്ടീവ് ഫ്രണ്ടും (സാഫ്) കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ യൂണിറ്റും തയാറാക്കിയ വിശപ്പുരഹിത കാഞ്ഞിരപ്പള്ളി പദ്ധതിക്കാണ് കേരളപ്പിറവി ദിനത്തിൽ തുടക്കമായത്.

അഞ്ചിലിപ്പ അഭയഭവനിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി എത്തിച്ച് നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പണമില്ലാത്തതിനാൽ വിശന്നിരിക്കുന്നവർക്ക് പട്ടണത്തിന്റെ 4 ഭാഗത്തായി പ്രവർത്തിക്കുന്ന കൗണ്ടറുകളിലെത്തി കൂപ്പൺ കൈപ്പറ്റി നിർദിഷ്ട ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കാം.

പട്ടണത്തിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളും പങ്കാളികളാകുന്ന പദ്ധതിക്ക് പഞ്ചായത്ത് എട്ടാം വാർഡംഗം എം.എ.റിബിൻ ഷാ, സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി ബാബു പൂതക്കുഴി, സന്നദ്ധ പ്രവർത്തകരായ ഷാജി വലിയകുന്നത്ത്, റിയാസ് കാൾടെക്സ്, അൻഷാദ് ഇസ്മായിൽ, വിപിൻ രാജു, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷരീഫ് തൗഫീഖ്, യൂണിറ്റ് പ്രസിഡന്റ് അയൂബ് ഓൾ ഇൻ വൺ, സെക്രട്ടറി ഷാഹുൽ ഹമീദ് ആപ്പിൾ ബീ, ട്രഷറർ സുനിൽ സീ ബ്ലു എന്നിവരുൾപ്പെട്ട പത്തംഗ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ആരോടും പണം സ്വീകരിക്കാതെയുള്ള പ്രവർത്തനമാണ് നടത്തുകയെന്ന് കോഓർഡിനേഷൻ കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. 15ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടത്തും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.