കിടപ്പ് രോഗികൾക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ രണ്ടാമത് പാലീയേറ്റിവ് പരിചരണ യൂണിറ്റ് സേവനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി: കിടപ്പ് രോഗികൾക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ രണ്ടാമത് പാലീയേറ്റിവ് പരിചരണ യൂണിറ്റ് സേവനമാരംഭിച്ചു. കാളകെട്ടി, വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ സ്‌തുത്യർഹമായി പ്രവർത്തിച്ച് വരുന്ന പാലീയേറ്റീവ് ടീമിന്റെ ഭാഗമായി ഒരു നഴ്സും, സഹായിയും അടക്കമുള്ള രണ്ടാമത് ടീമിനെ നിയോഗിച്ച് കൂടുതൽ കിടപ്പ് രോഗികൾക്ക് പരിചരണം നൽകാനുള്ള സംവിധാനമാണ് പുതിയതായി ഒരുക്കിയത്.

നിലവിൽ ഒരു നഴ്സും,സഹായിയും അടങ്ങുന്ന ടീമിന്റെ സേവനമാണ് പഞ്ചായത്തിലെ 23 വാർഡുകളിലെ 300 ഓളം വരുന്ന കിടപ്പ് രോഗികൾക്ക് നൽകി വരുന്നത്.ഈ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പുതിയ ടീമിനെ നിയോഗിച്ചത്. ആംബുലൻസ്, മരുന്നുകൾ, രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ എന്നിവയും പാലിയേറ്റിവ് സേവനത്തിന്റെ ഭാഗമായി ലഭ്യമാണ്.

പുതിയ പാലീയേറ്റിവ് ടീമിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ നിർവ്വഹിച്ചു.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജോ വാളാന്തറ,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മേഴ്സി മാത്യു,വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വിദ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.സജിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എ. റിബിൻ ഷാ, നൈനാച്ചൻ വാണിയപുരക്കൽ, മെഡിക്കൽ ഓഫീസർ ഡോ.രാജേശ്വർ, ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ,ബിജു, പാലിയേറ്റീവ് ടീം അംഗങ്ങളായ ഷാന്റി,സിനി ജിനു,മനോജ് കുമാർ, എന്നിവർ പങ്കെടുത്തു.ജില്ലയിലെ പഞ്ചായത്തുകളിലാദ്യമായി രണ്ടാമതൊരു പാലീയേറ്റിവ് ടീമിനെ നിയോഗിച്ച് പ്രവർത്തനമാരംഭിച്ചത് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലാണ്.