കിണറുകളെ മലിനമാക്കി ഓടവെള്ളം

മുണ്ടക്കയം ∙ ഓടയിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളെയും മലിനമാക്കി. കിണറിൽ വെള്ളം ഉണ്ടായിട്ടും വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിൽ നാട്ടുകാർ. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ടൗണിൽ ഗ്യാലക്സിക്ക് സമീപമുള്ള ജനങ്ങളാണു ദുരിതമനുഭവിക്കുന്നത്.

വീടുകൾക്ക് പുറമേ, പീപ്പിൾസ് ആശുപത്രി, സാംതോം കോളജ്, വൈഡബ്ല്യുസിഎ നഴ്സറി സ്കൂൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെള്ളം എടുക്കുന്ന കിണറുകളെയും മാലിന്യ പ്രശ്നം ബാധിക്കുന്നതായി സൂചിപ്പിച്ചു നാട്ടുകാർ ചേർന്ന് ഒപ്പിട്ട പരാതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു.

ടൗണിൽ സർക്കാർ ആശുപത്രി കവലയിൽ നിന്നാരംഭിക്കുന്ന ഓട ഗ്യാലക്സി തിയറ്ററിനു സമീപത്തുകൂടി മണിമലയാറിന്റെ കൈവഴിയായ പൈങ്ങന തോട്ടിലേക്കാണു ചെന്നെത്തുന്നത്. മൂടിയില്ലാതെ കൈത്തോട് പോലെ കിടക്കുന്ന ഓട മഴക്കാലത്തും വേനലിലും ഒരുപോലെ നാട്ടുകാർക്കു വിനയാകുന്നു. ഇപ്പോൾ ഒഴുക്ക് നിലച്ച ഓടയിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിൽ ദുർഗന്ധം വമിച്ചു കിടക്കുന്ന മാലിന്യങ്ങൾ മണ്ണിലൂടെ ഒഴുകി സമീപത്തെ കിണറുകളിലെ ജലം മലിനമാക്കി.

കിണർ വെള്ളത്തിന് നിറം മാറ്റവും ദുർഗന്ധവും അനുഭവപ്പെട്ടതോടെയാണു മാലിന്യ പ്രശ്നം ജനങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ ഇപ്പോൾ കിണറുകളിലെ വെള്ളം ഉപയോഗിക്കാറില്ല. വൻ വില നൽകി ടാങ്കറിൽ എത്തുന്ന വെള്ളത്തെയാണു നാട്ടുകാർ ആശ്രയിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ആരോഗ്യവകുപ്പ് അധികൃതർക്കു പരാതി നൽകിയെങ്കിലും നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു