കിണറ്റിൽ ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം; അഗ്നിശമന സേന രക്ഷകരായി

പള്ളിക്കത്തോട് : ∙ കിണർ തേകാനിറങ്ങി വായുകിട്ടാതെ വിഷമിച്ചയാൾക്ക് അഗ്നിശമനസേന രക്ഷകരായി. പള്ളിക്കത്തോട് വള്ളോത്യാമല പെരുമ്പാക്കുന്നേൽ പി.കെ.രാജനാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള വീട്ടിലെ കിണർ തേകാനിറങ്ങുമ്പോഴാണ് സംഭവം.

കുട്ടികൾ മാത്രമാണ് കരയ്ക്കുണ്ടായിരുന്നത്. വായുകിട്ടാതെ വിഷമിക്കുന്നതു കണ്ട് കുട്ടികൾ പരിസരവാസികളെ അറിയിച്ചു. നാട്ടുകാർ ഉടൻ അഗ്നിശമനസേനയിൽ വിവരമറിയിച്ചു. നാട്ടുകാർ കിണറിലേക്കു ഫാൻ കെട്ടിയിറക്കി പ്രവർത്തിപ്പിച്ചു.

സ്ഥലത്തെത്തിയ അഗ്നിശമനസേനയിലെ ഫയർമാൻ അജിത്കുമാർ കിണറ്റിലിറങ്ങി രാജനെ കരയ്ക്കു കയറ്റി. രണ്ടാഴ്ച മുൻപു കൂരോപ്പടയിലും സമാനസംഭവത്തിൽ അഗ്നിശമനസേനയാണു രക്ഷകരായത്.