കിണറ്റിൽ വീണ ബാലികയെ അയൽവാസി രക്ഷിച്ചു

എരുമേലി∙ കിണറ്റിൽ വീണ നാലുവയസ്സുകാരിയെ അയൽവാസിയായ യുവാവ് രക്ഷപ്പെടുത്തി. മണിപ്പുഴ കെള്ളിക്കൊളവിൽ ടോം–ഷെറിൻ ദമ്പതികളുടെ മകളായ അലോണ മരിയയെയാണ് അയൽവാസി സി.എസ്.രാജേഷ് രക്ഷപ്പെടുത്തിയത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അലോണ കിണറ്റിലേക്കു നോക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. രാജേഷ് കയർ ഉപയോഗിച്ചു കിണറ്റിലിറങ്ങി. മുങ്ങിത്താഴാൻ തുടങ്ങിയ അലോണയെ കോരിയെടുത്ത് ഉയർത്തിപ്പിടിച്ചു. കരയിൽ നിന്ന സുഹൃത്തുക്കൾ കയറിൽ ബന്ധിപ്പിച്ച കസേര കിണറ്റിലിറക്കി ഇരുവരെയും മുകളിലേക്കുയർത്തി. കുട്ടിയെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലോണയുടെ ആരോഗ്യനില തൃപ്തികരമാണ്. 20 അടി താഴ്ചയുള്ള കിണറ്റിൽ നാലടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.