കിണർ നിർമാണ പദ്ധതി ചുവപ്പുനാടയിൽ; മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല

കാഞ്ഞിരപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷനിൽ വെള്ളമില്ല. താലൂക്ക് ഓഫിസ് ഉൾപ്പെടെ ഇരുപതിലേറെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ജല സ്രോതസ്സില്ല. ചിറ്റാർ പുഴയോരത്ത് കിണർ നിർമിക്കാൻ ആവിഷ്കരിച്ച പദ്ധതി ഇന്നും റവന്യു വകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് 500 മീറ്റർ ഉയരത്തിലുള്ള മേലരുവിയിൽനിന്നു വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കുറച്ചുകാലം കഴിഞ്ഞതോടെ ചേറും ചെളിയും നിറഞ്ഞ വെള്ളമാണു സിവിൽ സ്റ്റേഷനിലെത്തിയത്.

പിന്നീട് ഇവിടേക്കു വെള്ളം എത്തിച്ചിരുന്ന പൈപ്പുകളും ഹോസും തകരാറിലായി ജലവിതരണം നിലച്ചു. 75000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കും 20000 ലീറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയും സിവിൽ സ്റ്റേഷനിലുണ്ട്. മഴക്കാലത്തു ലഭിക്കുന്ന വെള്ളം മഴവെള്ള സംഭരണിയിൽനിന്നു ടാങ്കിലേക്കു ശേഖരിച്ചാണ് ഉപയോഗിച്ചുവരുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം വേനൽ തുടങ്ങുംമുമ്പേ തീരും.

ഇരുപതിലേറെ സർക്കാർ കാര്യാലയങ്ങൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ വേനൽക്കാലത്തു ജീവനക്കാർ പ്രാഥമികാവശ്യങ്ങൾക്കുപോലും കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ മിക്കവയും വെള്ളമില്ലാത്തതിനാൽ ഉപയോഗശൂന്യമാണ്.ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന കരിമ്പുകയം പദ്ധതിയിൽനിന്നു വെള്ളം സിവിൽ സ്റ്റേഷനിലും എത്തിക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ വാട്ടർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കൂടാതെ ചിറ്റാർ പുഴയോരത്തു നിലവിലുള്ള ചെറിയ കിണർ വിപുലീകരിച്ച് ഇവിടെനിന്നു വെള്ളം പമ്പ് ചെയ്തു സിവിൽ സ്റ്റേഷനിൽ എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ അടുത്തവർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നു തുക അനുവദിക്കുമെന്നു സ്ഥലം സന്ദർശിച്ചശേഷം ഡോ.എൻ.ജയരാജ് എംഎൽഎ അറിയിച്ചു. വാട്ടർ അതോറിറ്റി അധികൃതരോട് ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ഇവിടെ ചിറ്റാർ പുഴയിൽ തടയണ നിർമിക്കാനുള്ള സാധ്യത ജലസേചന വകുപ്പിനോട് ആരാഞ്ഞിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.