കീടനാശിനി കലക്കി മീൻപിടിത്തം വ്യാപകം

പാലാ ∙ മീനച്ചിലാറ്റിൽ കീടനാശിനി കലക്കി മീൻപിടിത്തം വ്യാപകമായി. രാത്രികാലങ്ങളിൽ ചെമ്പിളാവ് പാലം മുതൽ കിടങ്ങൂർ ചെക്ക്‌ഡാം വരെയുള്ള ഭാഗങ്ങളിലാണ് മീൻപിടിത്തം. കുട്ടവഞ്ചിയിലെത്തുന്ന അന്യ സംസ്‌ഥാനക്കാരായ യുവാക്കളുടെ സംഘമാണ് ജലാശയം മലിനമാക്കിയുള്ള മീൻപിടിത്തത്തിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

കീടനാശിനിയായ റിവയും തുരിശും മണ്ണെണ്ണയും കലർന്ന മിശ്രിതമാണ് വെള്ളത്തിൽ കലക്കുന്നത്. ഇതിനുശേഷം വല ഉപയോഗിച്ച് കുട്ടവഞ്ചിയിൽ തുഴഞ്ഞാണ് മീൻപിടിത്തം. കീടനാശിനി ഉപയോഗിക്കുന്നതിനാൽ കട്‌ല, രോഹു, മഞ്ഞക്കൂരിയടക്കം ഒട്ടേറെയിനം മത്സ്യങ്ങൾ ചത്തുപൊങ്ങി ആറ്റിലാകെ ഒഴുകി നടക്കുകയാണ്.

ഇതുമൂലം വെള്ളം മലിനമാകുന്നുമുണ്ട്. കീടനാശിനി ഉപയോഗിച്ച് പിടിച്ച മീൻ കിടങ്ങൂർ പ്രദേശങ്ങളിൽ ഇവർ വിറ്റഴിക്കുന്നുണ്ട്. ഇത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മീനച്ചിലാറിന്റെ തീരങ്ങളിൽ രാത്രികാലങ്ങളിലുള്ള അനധികൃത മീൻപിടിത്തം തടയുന്നതിന് പൊലീസ് പട്രോളിങ് ശക്‌തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.