കീരിത്തോട്‌-കണമല സമാന്തര പാത തുറന്നു നല്‍കാത്തതില്‍ പ്രതിഷേധം

എരുമേലി: ശബരിമല പാതയായ കണമലയിലെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ നിര്‍മ്മിച്ച കീരിത്തോട്‌ -കണമല സമാന്തര പാത തുറന്നു നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം.

നിര്‍മ്മാണത്തിലെ അശാസ്‌ത്രീയതയാണ്‌ റോഡ്‌ തുറന്നു കൊടുക്കാന്‍ വൈകന്നതിനു കാരണം. നാലു വര്‍ഷം മുന്‍പ്‌ ആറു കോടി രൂപ മുടക്കിയാണ്‌ പുതിയ സമാന്തരപാത നിര്‍മ്മിച്ചത്‌. ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്‌ മുന്‍പ്‌ റോഡിന്റെ അശാസ്‌ത്രീയത പരിഹരിച്ച്‌ തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട്‌ പൊതുപ്രവര്‍ത്തകന്‍ നിരപ്പേല്‍ ബിനു വകുപ്പ്‌ മന്ത്രിക്ക്‌ പരാതി നല്‍കി.

മന്ത്രിയുടെ നിര്‍ദേശപ്രകാരം അറ്റകുറ്റ പണികള്‍ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ്‌ പരാതി സമര്‍പ്പിച്ചത്‌. കണമലയിലെ ഇറക്കത്തില്‍ അട്ടിവളവ്‌ ഭാഗത്ത്‌ പലപ്പോഴുണ്ടായ അപകടങ്ങളില്‍ 37 പേരാണ്‌ മരിച്ചത്‌. ഒട്ടേറെ പേര്‍ക്ക്‌ അപകടങ്ങളില്‍ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പുതുതായി നിര്‍മ്മിച്ച സമാന്താരപാതയില്‍ അപകട വളവുകള്‍ നിവര്‍ത്തിയില്ലെന്നും, ഓട നിര്‍മ്മിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.
കുത്തിറക്കുമുള്ള റോഡ്‌ വീതികുറവായതിനാല്‍ അപകടസാധ്യതയേറെയാണ്‌. തീര്‍ഥാടനകാലത്ത്‌ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഏതു സമയവും അപകടം പ്രതീക്ഷിക്കാമെന്ന്‌ മോട്ടോര്‍ വാഹനവകുപ്പും പോലീസും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.