കുഞ്ചാക്കോയുടെ കുടുംബത്തിനായിഇന്ന് എരുമേലിയില്‍ യോഗങ്ങള്‍

എരുമേലി: അവയവദാന ചരിത്രത്തില്‍ സ്വന്തം കരള്‍ അപരിചിതന് പകുത്തുനല്‍കി ഒടുവില്‍ മരണംവരിച്ചു തുല്യതയില്ലാത്ത മാതൃകയായ കുഞ്ചാക്കോ കുറ്റിക്കാട്ടിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ എരുമേലിയും. സാമ്പത്തിക പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങിയ കുടുംബത്തിനുവേണ്ടി സുമനസുകള്‍ രൂപീകരിച്ച സംരക്ഷണ സമിതിയുടെ ഭാഗമായി എരുമേലിയിലെ ഏഴ് വാര്‍ഡുകളിലാണ് അടുത്തമാസം ആറിന് ധനശേഖരണം നടക്കുക.

ഇതിന്റെ ഭാഗമായി ഇന്നും 29നും വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിക്കും. ഇടകടത്തി, മുക്കൂട്ടുതറ, പ്രപ്പോസ്, ഒഴക്കനാട്, എരുമേലി ടൗണ്‍, വാഴക്കാല, നേര്‍ച്ചപ്പാറ എന്നീ വാര്‍ഡുകളിലാണ് കമ്മിറ്റി രൂപീകരണം. ഇന്നു വൈകുന്നേരം 3.30ന് വാഴക്കാല വാര്‍ഡില്‍ എരുമേലി വ്യാപാരഭവനിലും അഞ്ചിന് മുക്കൂട്ടുതറ വാര്‍ഡില്‍ എസ്എന്‍ഡിപി ഹാളിലും കമ്മിറ്റികള്‍ രൂപീകരിക്കാനായി യോഗം ചേരും.

29ന് ഉച്ചകഴിഞ്ഞ് മൂന്നിന് നേര്‍ച്ചപ്പാറ കാദിരിയ്യ ഹാളിലും നാലിന് ഇടകടത്തിയിലും 4.30ന് മണിപ്പുഴ ക്രിസ്തുരാജ് സ്‌കൂളിലും 5.30ന് വാവര്‍ സ്മാരക സ്‌കൂളിലും ആറിന് ഒഴക്കനാട് വാര്‍ഡില്‍എസ്എന്‍ഡിപി ഹാളിലുമാണ് കമ്മിറ്റി രൂപീകരണം. ചങ്ങനാശേരി പ്രത്യാശയും എരുമേലി ഗ്രാമപഞ്ചായത്തുമാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്.