കുടിവെള്ളം മരീചികയായ ഒരു ഗ്രാമം

എരുമേലി: ചുട്ടുപൊള്ളുന്ന വെയിലില്‍ കുടിനീരിനായി കുടങ്ങളുമായി മക്കളെ ഒക്കത്തുവച്ച് മലയിറങ്ങുകയാണ് കൊടിത്തോട്ടം പട്ടികജാതി കോളനിയിലെ വീട്ടമ്മമാര്‍. വീശിയടിക്കുന്ന ചൂടുകാറ്റില്‍ പൊടിമണ്ണും പൂഴിയും കരിയിലകളും വട്ടംചുറ്റി പറന്നുകൊണ്ടിരിക്കുന്നു. ചൂടേറ്റ് കരിഞ്ഞ് ഇലകളെല്ലാം കൊഴിഞ്ഞ നിലയിലാണ് മരങ്ങള്‍. അടുപ്പത്ത് ചോറുവയ്ക്കാന്‍ ഒരുകലം വെള്ളത്തിന് വേണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ധാരാളം വീട്ടമ്മമാരുണ്ട്.

എരുമേലി പഞ്ചായത്തിലെ പ്രപ്പോസ് വാര്‍ഡിലാണ് കൊടിത്തോട്ടം. പാറക്കെട്ടുകള്‍ കൊണ്ട് സമ്പന്നമായ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ ഒരു ഡസനോളം പാറമടകളാണുള്ളത്. പതിറ്റാണ്ടുകളായി പാറഖനനം മൂലം വര്‍ഷത്തിന്റെ പകുതിയിലേറെയും കൊടുംവേനലിന്റെ പ്രതീതി നിറയ്ക്കുന്നു ഇവിടെ. നാട്ടില്‍ നദികള്‍ കരകവിയുമ്പോഴാണ് ഇവിടെ കിണറുകളില്‍ അല്‍പ്പമെങ്കിലും വെള്ളം നിറയുന്നത്. എന്നും ഈ ജനത്തിന്റെ പ്രധാന പ്രശ്‌നം കുടിവെള്ളമാണ്. കൂലിപ്പണിയെടുത്ത് കിട്ടുന്ന പണം വെള്ളം വിലകൊടുത്ത് വാങ്ങാന്‍ ചെലവിടേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് മാറ്റമില്ല. സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളും പട്ടികജാതി കോളനിയുമാണ് ഇവിടെയുള്ളത്.

വെള്ളത്തിന് വേണ്ടി കുടങ്ങളുമായി പഞ്ചായത്ത് ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ച സമരചരിത്രമുണ്ട് കൊടിത്തോട്ടത്തിന്. ഇതിന്റെ പേരില്‍ ചിലര്‍ പ്രതികളാകുകയും ചെയ്തു. മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനും കൊടിത്തോട്ടമാണ് ഭരണക്കാര്‍ തെരഞ്ഞെടുത്തത്. അന്നും സമരവുമായി നാട്ടുകാര്‍ മലയിറങ്ങി. കുടിവെള്ള പദ്ധതികള്‍ നിരവധിയാണ് ത്രതല പഞ്ചായത്തുകള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഒന്നുപോലും പ്രയോജനം കണ്ടിട്ടില്ല.

വലിയ കുഴല്‍കിണറിലൂടെ വെള്ളം ടാങ്കിലെത്തിച്ച് വിതരണം ചെയ്യുന്ന പഞ്ചായത്തിന്റെ പദ്ധതിയും പാറമട അടച്ചുകെട്ടി മഴവെള്ള സംഭരണിക്കായി മാറ്റാനായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും ബ്ലോക്ക്പഞ്ചായത്തിന്റെ കുളം നിര്‍മാണ പദ്ധതിയുമടക്കം പത്തോളം പദ്ധതികളാണ് ഫണ്ട് ചെലവിട്ടെങ്കിലും പൂര്‍ത്തിയാകാതെ പരാജയപ്പെട്ടത്. മുന്‍കാലങ്ങളില്‍ സൗജന്യമായി കുടിവെള്ള വിതരണം നടത്തിയ സുമനസുകള്‍ ഇത്തവണയും കൊടിത്തോട്ടത്തിന്റെ ദാഹമകറ്റാനെത്തുമെന്ന ഏക പ്രതീക്ഷയിലാണിപ്പോള്‍ നാട്ടുകാര്‍