കുടിവെള്ള പ്രശ്ന പരിഹാരത്തിന് സർവ്വകക്ഷി യോഗം ചേർന്നു.

മുണ്ടക്കയം∙ മുണ്ടക്കയം കോരുത്തോട് പഞ്ചായത്തളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ വേണ്ടി സർക്കാർ അനുവദിച്ച 4 കോടി ഗുണകരമാകുന്ന രീതിയിൽ നടപ്പാക്കുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളടക്കമുള്ളവരുടെ സർവ്വകക്ഷി യോഗം പഞ്ചായത്തിൽ ചേർന്നു. പ്രസിഡന്റ് കെ.എസ് രാജുവിന്റെ അധ്യക്ഷതയിൽ പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

നിലവിൽ മണിമലയാറിന്റെ കരയിലുള്ള കുടിവെള്ള പദ്ധതിയുടെ ടാങ്ക് ബൈപ്പാസ് റോഡിന്റെ നിർമാണവുമായി ബന്ധപെട്ട് മാറ്റേണ്ടിയ സാഹചര്യം വരികയും പകരം പദ്ധതി നടപ്പാക്കുന്നതിനായി നീക്കം നടത്തുകയും ചെയ്തതിന്റെ ഫലമായാണ് സർക്കാർ തുക അനുവദിച്ചത്. മണിമലയാറ്റിലെ തന്നെ വെള്ളനാടിയിലെ മൂരികയത്ത് നിന്നും വെള്ളം പമ്പ് ചെയ്യുവാനാണ് തീരുമാനം. ഇതിനായി വെള്ളത്തിന്റെയും കയത്തിലെ ആഴത്തിന്റെയും പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കും. ഇളംപ്രാമലയിലേയ്ക്ക് വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ സംഭരിക്കും. ഇതിനായി സ്വകാര്യ വ്യക്തി സ്ഥലം വിട്ട് നൽകാം എന്ന് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നും ശുചീകരണ പ്ലാന്റിലേയ്ക്ക് വെള്ളമെത്തിക്കും. മുണ്ടക്കയം പഞ്ചായത്തിന്റെ
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അമരാവതി ആയുർവേദ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് നിർമ്മിക്കുവാനാണ് തീരുമാനം. കോരുത്തോട് പഞ്ചായത്തിന്റെ പ്ലാന്റ് മൂന്നോലി സീയോൻകുന്നിൽ സ്ഥാപിക്കും. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും. പൈപ്പുകൾ കടന്നു പോകുന്ന സ്ഥലങ്ങളുടെ പ്രാരംഭ ഘട്ട സർവേ നടപടികൾ നടത്തിയിരുന്നു. ഇത് പ്രകാരം
സ്ഥലം ഏറ്റെടുക്കൽ ജോലികൾക്കായി വെള്ളനാടി ഹാരിസൺ എസ്റ്റേറ്റ് അധികൃതർക്ക് ഉൾപെടെ നോട്ടീസ് നൽകുവാനും യോഗം തീരുമാനിച്ചു