കുടിവെള്ള വിതരണത്തിന് ലൈസൻസ് നിർബന്ധം: ജില്ലാ കളക്ടർ

ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻറെ ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു. വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിതരണം ചെയ്യുന്ന വെള്ളത്തിൻറെ ശുദ്ധി ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. ജലഅതോറിറ്റിയുടെ ലാബിലോ മറ്റേതെങ്കിലും അംഗീകൃത ലാബിലോ പരിശോധന നടത്തിയതിൻറെ റിപ്പോർട്ടും ഏജൻസികളുടെ പക്കൽ ഉണ്ടായിരിക്കണം.

പരിശോധനനടത്തി ശുദ്ധി ഉറപ്പാക്കാത്ത സ്രോതസുകളിലെ വെള്ളം വിതരണം ചെയ്യാൻ അനുവദിക്കില്ല. ഈ നിർദേശം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. സുരക്ഷാമാനദണ്ഡങ്ങൾ പരിഗണിക്കാതെ ജലവിതരണം നടത്തുന്ന സ്വകാര്യ വ്യക്തികൾക്കും ഏജൻസികൾക്കുമെതിരേ കർശന നടപടി സ്വീകരിക്കും.