കുഴികൾ നിറയും റോഡുകൾ

കാഞ്ഞിരപ്പള്ളി∙ ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളിൽ ടാറിങ് പൊളിഞ്ഞ് കുഴികളായി. പാതയുടെ പൊൻകുന്നം മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടു തുടങ്ങി. റോഡിൽ അപകടവും പതിയിരിക്കുന്നു. മഴക്കാലപൂർവ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കുഴികളുടെ വ്യാസവും ആഴവും ദിനംപ്രതി വർധിച്ചുവരികയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്കു സമീപവും കുരിശുങ്കൽ ജംക്‌ഷനിലും മിനിസിവിൽ സ്റ്റേഷനു മുന്നിലും വളവുകളിൽ ടാറിങ് പൊളിഞ്ഞ് കുഴികളായി.

കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു. പൂതക്കുഴിക്കു സമീപം ടാറിങ് പൊളിഞ്ഞ് കുഴിയുണ്ടായി. 26–ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. മുണ്ടക്കയം പൈങ്ങന വളവുകളിലും വൈഎംസിഎ വളവിലും ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടു. കൂവപ്പള്ളി– വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി –മണിമല റോഡ്, അഞ്ചിലിപ്പ– ഞള്ളമറ്റം റോഡ്, പൊടിമറ്റം- ആനക്കല്ല് റോഡ്, പൊടിമറ്റം-അഞ്ചലവ് റോഡ്, പാറത്തോട്- പഴുത്തടം റോഡ്, പാറത്തോട്- പാലപ്ര റോഡ് എന്നീ റോഡുകളും ടാറിങ് തകർന്നു കുഴികളായി.