കുണ്ടും കുഴിയുമായി ശബരിമല കാനനപാത
കണമല: വനം വകുപ്പിന്റെ പിടിവാശിയിൽ ഗതാഗത യോഗ്യമാകാതെ ശബരിമല ഇടത്താവളമായ കാളകെട്ടിയിലെ പാത. കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിലേക്കുള്ള റോഡാണ് തകർന്ന നിലയിലായത്. എരുമേലിയിൽ നിന്നു തീർത്ഥാടകർ ശബരിമലയ്ക്ക് കാൽനടയായി വനത്തിലൂടെ സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
എരുമേലിയിലെ കോയിക്കക്കാവിൽ നിന്നാരംഭിക്കുന്ന കാനനപാതയിലെ ആദ്യ ഇടത്താവളം കൂടിയാണ് കാളകെട്ടി. വന്യ മൃഗ ഭീഷണി മുൻനിർത്തി വൈകുന്നേരം അഞ്ചിനു ശേഷം രാവിലെ വരെ കാനനപാതയിൽ യാത്രയ്ക്ക് നിരോധനം ഉണ്ട്. അഞ്ചിനു ശേഷം എത്തുന്ന തീർഥാടകർ പിറ്റേന്ന് രാവിലെ വരെ വിരി വെച്ച് വിശ്രമിക്കുന്നത് കാളകെട്ടിയിലാണ്. എന്നാൽ ദുർഘടമായ ഈ വഴിയിലൂടെ തീർഥാടകരുടെ യാത്ര ക്ലേശകരമാകും. വനം വകുപ്പ് അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.