കൂട്ടിക്കലിൽ വച്ച് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഏഴുവയസ്സുള്ള പെണ്‍കുട്ടിയുൾപ്പെടെയുള്ള സംഘാംഗങ്ങള്‍ പിടിയില്‍

മുണ്ടക്കയം: മുക്കുപണ്ടം സ്വന്തമായി പണിത് വ്യാജ മേല്‍വിലാസത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘാംഗങ്ങള്‍ പിടിയില്‍.

ആലപ്പുഴ മുഹമ്മ കാവുങ്കല്‍ മണാഞ്ചേരി പണിക്കപ്പറമ്പ് വിളയില്‍ ഷണ്‍മുഖന്‍(44), കൂടെ താമസിക്കുന്ന ആലപ്പുഴ കൈനകരി കുപ്പപ്പുറം രാജ്ഭവനില്‍ ഷീബ(40), ഇവരുടെ ഏഴുവയസ്സുള്ള പെണ്‍കുട്ടി എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് ഒരുലക്ഷം രൂപയും അഞ്ച് കാല്‍തളകളും പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ഏപ്രില്‍ നാലാം തിയ്യതി കൂട്ടിക്കലിലെ സ്വകാര്യ സ്വര്‍ണപണയമിടപാട് സ്ഥാപനത്തിലെത്തിയ ഷണ്‍മുഖനും ഷീബയും 11.5 ഗ്രാം തൂക്കമുള്ള രണ്ട് കാല്‍തളകള്‍ പണയംവച്ച് 24,000 രൂപ വാങ്ങി. മാറ്റ് നോക്കുന്ന വിഭാഗം സ്ഥാപനത്തിലെ പണയ ഉരുപ്പടികള്‍ പരിശോധിക്കുന്നതിനിടയില്‍ ഇവര്‍ പണയംവച്ച ഉരുപ്പടി മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച കൂട്ടിക്കലിലെ പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി കുമളിയിലേക്ക് യാത്ര പോകുമ്പോള്‍ ഷണ്‍മുഖനും ഷീബയും ഇരുചക്രവാഹനത്തില്‍ കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് കണ്ടു. സംശയം തോന്നിയ ഇവര്‍ കുമളി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കുമളിയിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിലേക്ക് കയറുന്നതിനിടയില്‍ ഷണ്‍മുഖനെയും ഷീബയെയും പിടികൂടി. ഇവരെ പിന്നീട് മുണ്ടക്കയം പോലീസിന് കൈമാറി.

നിരവധി സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പുഞ്ചവയലിലെ സ്ഥാപനത്തില്‍നിന്ന് 11.500 ഗ്രാം തൂക്കമുള്ള രണ്ട് കാല്‍തളകള്‍ പണയപ്പെടുത്തി 23,500 രൂപ തട്ടിയതായി പോലീസ് നടത്തിയ ചോദ്യചെയ്യലില്‍ സമ്മതിച്ചു. കൊല്ലപ്പണി ചെയ്തുവന്ന ഷണ്‍മുഖന്‍ സ്വന്തമായി ആലയുള്ളയാളാണ്. ആലയിലുണ്ടാക്കുന്ന മുക്കുപണ്ടങ്ങള്‍ പണയമിടപാട് സ്ഥാപനങ്ങള്‍ അടയ്ക്കുന്ന സമയത്ത് തിരക്ക് അഭിനയിച്ച് ഓടിയെത്തി കുട്ടിയുടെ ചികിത്സയ്ക്കാണെന്ന ആവശ്യം പറഞ്ഞ് പണയംവെയ്ക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. മുണ്ടക്കയം ഇളങ്കാട് സ്വദേശിയെ വിവാഹം കഴിച്ച ഷീബ കഴിഞ്ഞ എട്ടുവര്‍ഷമായി ഷണ്‍മുഖത്തിനൊപ്പമാണ് താമസം. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

മുണ്ടക്കയം എസ്.ഐ. എന്‍.ജെ.അരുണ്‍, എ.എസ്.ഐ. എം.സോമന്‍, ജി. എസ്.ഐ. എന്‍.എം.ജെയിംസ്, ജി. എ.എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഒ. സി.കെ.മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്.