കൂരാലിയിൽ നാട്ടുചന്തയ്ക്ക് തുടക്കമായി
കൂരാലി: കൂരാലിയിൽ നാട്ടുചന്തയ്ക്ക് തുടക്കമായി. കൂരാലി സ്വാശ്രയ കാർഷിക സമിതിയുടെ ആഭിമുഖ്യത്തിൽ ഫെയ്സിന്റെയും ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് നാട്ടുചന്തയ്ക്ക് തുടക്കം കുറിച്ചത്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കൂരാലിയിൽ നാട്ടുചന്തയ്ക്ക് തുടക്കമായത്. നാട്ടു ചന്തയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.
എല്ലാ ചൊവ്വാഴ്ചയുമാണ് നാട്ടു ചന്ത നടക്കുന്നത്. നാട്ടു ചന്തയിൽ വിഷ രഹിത പച്ചക്കറികൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ വാഴക്കുലകൾ, തൈകൾ, വളർത്തു മീനുകൾ, കോഴി, താറാവ്, മുട്ട, തുടങ്ങിയവയുണ്ടാകും. കൂടാതെ പരമ്പരാഗത കരകൗശല വസ്തുക്കളായ കുട്ട, വട്ടി, മുറം, പായ്, ചൂല്, ആയുധങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും വിൽക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.
നാട്ടു ചന്തയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്തംഗം റോഷ്മി ജോബി, അഗ്രികൾച്ചർ മാർക്കറ്റിംഗ് കോട്ടയം ഹെഡ് ജാൻസി കെ. കോശി, ഫെയ്സ് ചെയർമാൻ എസ്. ഷാജി, കൃഷി ഓഫീസർ നിസാ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം വിവിധ കാർഷിക കൂട്ടായ്മകൾക്ക് ഉപഹാരവും നല്കി.