കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം പ്രതിസന്ധിയിൽ

ഈരാറ്റുപേട്ട∙ ഇന്ധനക്ഷാമവും വാഹനങ്ങളുടെ പഴക്കവും ഒപ്പം സ്‌പെയർപാട്‌സുകളുടെ അഭാവവും കൂടിയായതോടെ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം പ്രതിസന്ധിയിലായി. 30 ശതമാനത്തോളം സർവീസുകൾ വെട്ടിക്കുറയ്ക്കണമെന്ന നിർദേശമെത്തിയതോടെ ജനോപകാരപ്രദമായ ഷെഡ്യൂളുകൾ നടത്താനും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയിലായി. ഇന്ധനക്ഷാമമാണ് ഡിപ്പോ നേരിടുന്ന പ്രധാന പ്രതിസന്ധി. 4000 ലീറ്റർ ഡീസലാണ് നിലവിൽ ഡിപ്പോയ്ക്ക് ദൈനംദിനം ലഭിക്കുന്നത്.

4800 ലീറ്റർ വേണ്ടിടത്താണിത്. മറ്റ് ഡിപ്പോകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് 1200 ലീറ്റർ ഡീസൽ നൽകേണ്ടിവരുന്നത് ഡിപ്പോയിലെ ആവശ്യത്തിന് തികയാതെ വരുന്ന സാഹചര്യമുണ്ടാക്കുന്നു. സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണമാണ് മറ്റൊരു വെല്ലുവിളി. എട്ട് മണിക്കൂർ ഡ്യൂട്ടി നിർബന്ധമാക്കിയതോടെ മികച്ച കലക്‌ഷൻ നേടിയിരുന്ന കോട്ടയം കട്ടപ്പന സർവീസ് നിർത്തേണ്ടിവന്നു. എട്ട് മണിക്കൂറിനുള്ളിൽ ഓടിയെത്താനാവാത്തതിലായിരുന്നു ഇത്. ഈ ട്രിപ്പ് കട്ടപ്പന ഡിപ്പോ ഏറ്റെടുക്കുകയും ചെയ്തു.

ഏറെ പ്രചാരം നേടിയ ചങ്ക് ബസും ഇതിൽപ്പെടും. ആകെ അഞ്ച് സർവീസുകളാണ് കട്ടപ്പനയ്ക്ക് കൈമാറിയത്. ഡിപ്പോയിൽ 72 സർവീസുകളാണ് ദിവസം ഓടേണ്ടത്. 12 വാഹനങ്ങളുടെ കുറവ് ഇപ്പോൾ ഡിപ്പോയ്ക്കുണ്ട്. പഴക്കംചെന്ന വാഹനങ്ങൾ പതിവായി തകരാറിലാകുന്നതാണ് മറ്റൊരു വെല്ലുവിളി. ഇന്നലെ രാവിലെ കൈപ്പള്ളി ഏന്തയാർ സർവീസ് ഇടമലയിൽ തകരാറിനെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടിവന്നു.