കെ.എം മാണിക്കും സജി മഞ്ഞക്കടമ്പിലിനും സ്വീകരണം നല്കി

കൊക്കയാർ∙ കേരളത്തിൽ വികസനരംഗത്തു കുതിച്ചുചാട്ടം നടത്തിയ യുഡിഎഫ് സർക്കാരിനു കാരുണ്യ പദ്ധതി പോലുള്ള ജനകീയ പദ്ധതികൾ വഴി പാവങ്ങളുടെ കണ്ണീരൊപ്പാൻ സാധിച്ചെന്ന് കെ.എം. മാണി എംഎൽഎ പറഞ്ഞു. കൂട്ടിക്കൽ വെംബ്ലി നിവാസികളുടെ ചിരകാല സ്വപ്നവും കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ തേൻപുഴ തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കുവാൻ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയ കെ.എം മാണിക്കും സജി മഞ്ഞക്കടമ്പിലിനും സമരസമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി പ്രസിഡന്റ് നവാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു.

ജോർജ് കുര്യൻ കെ.എം. മാണി എംഎൽഎയെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വടക്കേമല പള്ളിവികാരി ഫാ. ജോസഫ് മുണ്ടാട്ട്, ബിജോയി മുണ്ടുപാലം, ജോയിസ് കാറ്റാടി, തോമസ് വാഴചാരി, ഒ.കെ. ഇസ്മായിൽ, പ്രിയ രതീഷ്, അനീഷ് ഗോപി എന്നിവർ പ്രസംഗിച്ചു. വർഷങ്ങൾ പഴക്കമുള്ള തൂക്കുപാലം കാലഹരണപ്പെട്ടു സഞ്ചാരയോഗ്യമല്ലാതായതോടെ പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ടു സമരസമിതി അനിശ്ചിതകാല നിരാഹാരം ഉൾപ്പെടെ അനവധി സമര പരിപാടികൾ നടത്തിയിരുന്നു. ഇതേത്തുടർന്നു യൂത്ത് ഫ്രണ്ട്–എം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ സമരസമിതി നേതാക്കൾ നൽകിയ നിവേദനത്തെ തുടർന്നാണു തുക അനുവദിച്ചത്.