കേക്കിന്റെ കാര്യത്തിൽ അമ്മമാർ സ്വയംപര്യാപ്തർ

ബേക്കറികളിൽ കാത്തുനിന്നു കേക്കു വാങ്ങി നൽകുന്നതിനു പകരം വീട്ടിൽ അടുക്കളയിൽ സ്നേഹംചേർത്തു വേവിച്ചെടുത്ത കേക്കുകൾ സമ്മാനിക്കാനും ഇപ്പോൾ ആളേറെ. ബേക്കറികൾ പോലെ തന്നെ തിരക്കിലാണ് കേക്ക് നിർമിക്കുന്നതിനുള്ള എല്ലാ ഉൽപന്നങ്ങളും ഒരുമിച്ചു വിൽപന നടത്തുന്ന കടകളും.‌‌‌ വാങ്ങി നൽകുന്നതിലും സന്തോഷം സ്വയം ഉണ്ടാക്കി നൽകുന്നതിലാണെന്നു വിശ്വസിക്കുന്ന വലിയൊരുകൂട്ടം വീട്ടമ്മമാർ ഇവിടെയുണ്ട്.

‘നമ്മുടെ ഇഷ്ടത്തിനനുസരിച്ചു സ്വന്തമായി കേക്ക് തയാറാക്കുന്നതിനും ഇതാണ് ഏറ്റവും നല്ല മാർഗം’– ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വീട്ടമ്മമാരിലൊരാളായ അനു പറയുന്നു. പ്രിസർവേറ്റീവുകളൊന്നും ഇല്ലാതെ ചൂടോടെ കേക്ക് ഉണ്ടാക്കി മക്കൾക്കു നൽകുന്നത് എപ്പോഴും സന്തോഷം നൽകുന്നതാണെന്നാണ് സുമ എന്ന വീട്ടമ്മ പറയുന്നത്. കഴിഞ്ഞ വർഷം വരെ ബേക്കറിയിൽ നിന്നു കേക്ക് വാങ്ങി ബന്ധുക്കൾക്കും മറ്റും നൽകിയിരുന്ന പലരും ഈ വർഷം മുതൽ വീട്ടിൽ സ്വന്തമായി കേക്ക് നിർമാണം ആരംഭിച്ചിട്ടുണ്ട്.

ജില്ലയിലെ ഒട്ടുമിക്ക വീടുകളിലും നവംബർ പകുതിയോടെ തന്നെ ക്രിസ്മസ് കേക്കുകൾ തയാറാക്കിത്തുടങ്ങി. ക്രിസ്മസ് കേക്കിന് ആവശ്യമായ ഉൽപന്നങ്ങൾ തേടിയെത്തുന്ന ആൾക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്നു കടയുടമ മുംതാസും വ്യക്തമാക്കുന്നു. ഇഷ്ടമുള്ള ആകൃതികളിൽ കേക്കുണ്ടാക്കാനുള്ള മോൾഡുകൾ, എസൻസ്, ഉണക്ക മുന്തിരി ഉൾപ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സ് മുതൽ സമ്മാനം നൽകുന്നതിനു വേണ്ട വർണക്കടലാസുകളും, കേക്കു മുറിച്ചു വിളമ്പുന്ന കത്തികളും ഇവിടെ നിന്നു വാങ്ങാം.