കേക്കും പടക്കവും; കച്ചവടം പൊടിപൊടിച്ചു; അഞ്ചു കോടിയുടെ വിൽപന

കോട്ടയം ∙ ക്രിസ്മസിന് ജില്ലയിൽ പൊട്ടിയത് അഞ്ചു കോടിയുടെ പടക്കം. അഞ്ചു കോടി രൂപയ്ക്ക് മുകളിൽ വിൽപനയുമായി കേക്ക് വിപണിയും സജീവം. പടക്കത്തിന്റെയും കേക്കിന്റെയും വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ കുതിച്ചുകയറ്റമുണ്ടായില്ലെങ്കിലും മോശമല്ലാത്ത കച്ചവടമാണ് ഇക്കുറി കിട്ടിയതെന്നും പ്രമുഖ ബ്രാൻഡുകളുടെ മത്സരം മുതൽ ജിഎസ്ടി വരെ വിപണിയെ ബാധിച്ചുവെന്നും വ്യാപാരികൾ‌ പറയുന്നു.

∙ ജില്ലയിൽ രുചിച്ചത് 250 ടൺ കേക്ക്

ക്രിസ്മസ് ദിനം വരെ കച്ചവടത്തിൽ ജില്ലയിലാകെ 250 ടൺ കേക്ക് വിറ്റെന്ന് വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 250 രൂപ മുതലായിരുന്നു കേക്ക് വില. അഞ്ചു കോടിയിലധികം രൂപയുടെ കേക്ക് വിൽപന ജില്ലയിൽ നടന്നു. പ്ലം, ചോക്കലേറ്റ്, ടീ, മാർബിൾ കേക്കുകളായിരുന്നു വിപണിയിൽ മുന്നിൽ. പേസ്ട്രി കേക്കുകൾക്കും പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നു. എന്നാൽ ജിഎസ്ടി വന്നതിനു ശേഷം കേക്കിന്റെ അവശ്യ വസ്തുക്കൾക്ക് വില കൂടിയത് തങ്ങൾക്ക് തിരിച്ചടിയായെന്നു വ്യാപാരികൾ പറയുന്നു.

അഞ്ചു മുതൽ 15 ശതമാനം വരെ വിലവർധനയാണ് ഇവയ്ക്കുണ്ടായത്. എറണാകുളത്തുനിന്നാണ് ജില്ലയിലേക്ക് ഇവ കൂടുതലായും എത്തുന്നത്. വില വർധിച്ചെങ്കിലും ബേക്കറികളിൽ കേക്കുകൾ മിച്ചം വന്നിട്ടില്ല. പുതുവത്സരം വരെയുള്ള ദിവസങ്ങളിൽ വിൽപന ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കേക്കിനൊപ്പം ഇത്തവണ ഐസ്ക്രീമിനും ആവശ്യക്കാർ ഏറെയാണ്. ചോക്കലേറ്റ്, വാനില, സ്ട്രോബറി തുടങ്ങിയ ഐസ്ക്രീമുകളാണ് കൂടുതൽ വിറ്റുപോയതെന്നും വ്യാപാരികൾ പറയുന്നു.

∙ പൊട്ടിച്ച് തീർത്തത് അഞ്ചു കോടി

കേക്ക് വിപണിയോട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജില്ലയിലെ പടക്ക വിൽപനയും. ജില്ലയിൽ ഏറ്റവും കൂടുതൽ പടക്കം വിറ്റുപോകുന്നത് ക്രിസ്മസ് സീസണിലാണ്. ഇത്തവണ അഞ്ചു കോടി രൂപയുടെ വ്യാപാരമാണ് ക്രിസ്മസ് ദിനം വരെ നടന്നത്. ഓർഡിനറി കിറ്റിൽ ലഭിക്കുന്ന കമ്പിത്തിരി, ചക്രം, പൂത്തിരി, ഓലപ്പടക്കം, ഗുണ്ട് എന്നിവ തുടങ്ങി ഗോൽഡൻ കിറ്റിലെ വമ്പന്മാരായ ചൈനീസ് ഷോട്ട്, ജമ്പോ ഷോട്ട് എന്നിവ വരെ ജില്ലയിലെ ക്രിസ്മസ് ആഘോഷത്തിൽ ഇടം നേടി.

ജിഎസ്ടി അടക്കമുള്ള നൂലാമാലകൾ തങ്ങളേയും ബാധിച്ചെന്നാണ് പടക്ക വ്യാപാരികളുടെ പക്ഷം. വളരെ കുറവ് സ്ഥിരം ലൈസൻസികളാണ് ജില്ലയിലുള്ളത്. എന്നാൽ, ചെറുകിട വിൽപനയ്ക്കായി എല്ലാ ക്രിസ്മസിനും പതിവായി നൽകുന്ന താൽക്കാലിക ലൈസൻസ് ഇത്തവണ അധികം ലഭ്യമായില്ലെന്നും വ്യാപാരികൾ പറയുന്നു.

200ൽ താഴെ താൽക്കാലിക ലൈസൻസാണ് ഇത്തവണ ലഭ്യമായത്. ഇത് പടക്കവിപണിയെ സാരമായി ബാധിച്ചിരുന്നു. ശിവകാശി, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പടക്കങ്ങൾ കൂടുതലായും എത്തുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ വിൽപന കുറവായിരുന്നുവെന്നും പുതുവത്സരം വരെയുള്ള ദിനങ്ങളിൽ വിപണി ഉഷാറുകുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ പറയുന്നു.