കേബിൾ വഴി വൈദ്യുതി: പദ്ധതി അടുത്തയാഴ്ച മുതൽ

പൊൻകുന്നം ∙ ദേശീയപാത 183ൽ കുന്നുംഭാഗം മുതൽ 20-ാം മൈൽ വരെയുള്ള ഭാഗം ആധുനിക സാങ്കേതികവിദ്യയിലുള്ള എബിസി (ഏരിയൽ ബഞ്ചിങ് കേബിൾ) സ്ഥാപിക്കുന്ന പദ്ധതി അടുത്തയാഴ്ച പ്രവർത്തനക്ഷമമാകുമെന്ന് കെഎസ്ഇബി അധികൃതർ. അടുത്ത ബുധനാഴ്ചയോടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാകും. തുടർന്നു പരിശോധനയ്ക്കുശേഷം വൈദ്യുതി പ്രസരണം നടത്തും. നിലവിലുള്ള 11 കെവി ലൈനിനു പകരമാണ് എബിസി സ്ഥാപിക്കുന്നത്. കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഉപോധ്യായ ഗ്രാമീൺ ജ്യോതി യോജന (ഡിഎഡിയുജിജെവൈ)യിൽ നിന്ന് 1.67 കോടി രൂപ മുടക്കിയാണ് നടപ്പിലാക്കുന്നത്.

എട്ടു കിലോമീറ്റർ ദൂരം ഇനി കേബിളിൽ

വൈദ്യുതി ∙ കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ടിബി റോഡ് വഴി കുന്നുംഭാഗത്തെത്തി ദേശീയപാതയിലൂടെ 20-ാം മൈൽ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമാണ് വൈദ്യുതി പ്രസരണം കേബിൾ വഴിയാക്കുന്നത്. പ്രത്യേക പോസ്റ്റുകൾ സ്ഥാപിച്ച് അവയിലൂടെയാണ് കേബിൾ വലിച്ചത്. ദേശീയപാതയിലെ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാകാതിരിക്കുന്നതിനു തൂണുകളുടെ എണ്ണം കുറച്ച് ഉയരക്കൂടുതലുള്ള തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേബിളിൽ നിന്ന് എംവിടി സംവിധാനത്തിലൂടെയാണ് ട്രാൻസ്‌ഫോമറിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

പ്രയോജനങ്ങൾ

നിലവിലെ 11 കെവി ലൈൻ കേബിൾ വഴിയാകുന്നതോടെ ഇത്രയും ഭാഗത്തെ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി തടസ്സമില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കും. പ്രസരണ നഷ്ടമുണ്ടാകില്ല. അറ്റകുറ്റപ്പണികൾ വേണ്ടിവരില്ലെന്നുള്ളതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ജനറൽ ആശുപത്രി, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം കുറവായിരിക്കും