കേരളം ഗുജറാത്തിനോട് തോറ്റു; ഫൈനല്‍ കാണാതെ പുറത്ത്

ചരിത്രത്തില്‍ ആദ്യമായി ഒരു ട്വന്റി20 ക്രിക്കറ്റില്‍ ഫൈനലില്‍ കടക്കാനുള്ള സുവര്‍ണാവസരം കേരളം പാഴാക്കി. അവസാന മല്‍സരത്തില്‍ ഗുജറാത്തിനോട് വലിയ തോല്‍വി വഴങ്ങിയതോടെയാണ് കേരളം പുറത്തായത്.

സൂപ്പര്‍ ലീഗ് എ ഗ്രൂപ്പില്‍ ഗുജറാത്തിനോട് 90 റണ്‍സിനാണ് കേരളം തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്നിന് 233 റണ്‍സ് അടിച്ചുകൂട്ടിയതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ 168 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ ഫൈനലില്‍ കടക്കാമായിരുന്ന കേരളം പോരാടിയെങ്കില്‍ മദ്ധ്യനിര ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കേരളം പുറത്താകുകയായിരുന്നു. 19.1 ഓവറില്‍ 143 റണ്‍സെടുക്കാനെ കേരളത്തിന് സാധിച്ചുള്ളു.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ജുനേജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് 233 റണ്‍സ് അടിച്ചുകൂട്ടിയത്. വെറും 50 പന്തില്‍നിന്ന് 16 ബൗണ്ടറിയും മൂന്നു സിക്സറും ഉള്‍പ്പടെയാണ് ജുനേജ 109 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. പുറത്താകാതെ 84 റണ്‍സെടുത്ത അബ്ദുലഹാദ് മലാക്ക്, ജുനേജയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 46 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയും മൂന്നു സിക്സറും മലാക് നേടി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ വെറും 94 പന്തില്‍നിന്ന് പുറത്താകാതെ 202 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ട്വന്റി20 ക്രിക്കറ്റിലെ റെക്കോര്‍ഡ് കൂട്ടുകെട്ടാണിത്. മൂന്നിന് 31 എന്ന നിലയില്‍ പതറുകയായിരുന്ന ഗുജറാത്തിനെ ജുനേജയും മലാകും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. കേരളത്തിന് വേണ്ടി മനുകൃഷ്ണനും സന്ദീപ് വാര്യരും ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളത്തിന്റെ തുടക്കം നിരാശാജനകമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സെടുത്തപ്പോഴേക്കും അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ നിഖിലേഷിനെ കേരളത്തിന് നഷ്ടമായി. ഡല്‍ഹിക്കെതിരെ കേരളത്തിന്റെ വിജയശില്‍പിയായിരുന്ന രോഹന്‍ പ്രേം എട്ടു റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഗദീഷും സഞ്ജു വി സാംസണും ചേര്‍ന്ന് കേരളത്തിന് പ്രതീക്ഷ നല്‍കി. എട്ട് ഓവറില്‍ 75 റണ്‍സ് എന്ന നിലയില്‍ കേരളത്തെ എത്തിച്ചെങ്കിലും ഒമ്പതാമത്തെ ഓവറില്‍ സഞ്ജുവിനെ(32) നഷ്ടമായി. മികച്ച ഫോമില്‍ കളിച്ച സഞ്ജു 16 പന്ത് നേരിട്ട് മൂന്നു സിക്സറും രണ്ടു ഫോറുമടിച്ചു. 14 റണ്‍സെടുത്ത സച്ചിന്‍ ബേബിയും 36 റണ്‍സെടുത്ത ജഗദീഷും അടുത്തടുത്ത് പുറത്തായതോടെ കേരളം 11.3 ഓവറില്‍ അഞ്ചിന് 99 റണ്‍സെന്ന നിലയിലായി. പിന്നീട് തുടരെ രണ്ടു സിക്സറുകളടിച്ച് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും റെയ്ഫിയും വൈകാതെ പുറത്തായതോടെ കേരളത്തിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഗുജറാത്തിന് വേണ്ടി കെ ജെസാല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

കേരളം ഫൈനലിലെത്താതെ പുറത്തായെങ്കിലും മികച്ച പ്രകടനം തന്നെയാണ് ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വന്‍ ശക്തികളായ ഡല്‍ഹിയെയും തമിഴ്നാടിനെയും തോല്‍പ്പിക്കാന്‍ കേരളത്തിന് സാധിച്ചു. മുന്‍ ഇന്ത്യന്‍ താരം സുജിത് സോമസുന്ദര്‍ പരിശീലകനായി എത്തിയ ശേഷമാണ് കേരള ക്രിക്കറ്റ് ടീം ചരിത്രത്തിലെ മികച്ച വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചത്. ബുച്ചിബാബു ട്രോഫിയില്‍ ഫൈനലില്‍ കടക്കാനും വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സെമിയിലെത്താനും കേരളത്തിന് സാധിച്ചു. കളിക്കാരില്‍ വിജയതൃഷ്ണ വളര്‍ത്തിയെടുക്കാനും മല്‍സരത്തെ പോസിറ്റീവായി സമീപിക്കാനും സജ്ജരാക്കിയതാണ് സുജിത്തിന്റെ വിജയം. വി എ ജഗദീഷ്, രോഹന്‍ പ്രേം, സഞ്ജു വി സാംസണ്‍, സച്ചിന്‍ ബേബി, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ ബാറ്റിംഗിലും പി പ്രശാന്ത്, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, നിയാസ് എന്നിവര്‍ ബൗളിംഗിലും സ്ഥിരത പുലര്‍ത്തിയതുമാണ് കേരളത്തിന്റെ മുന്നേറ്റത്തെ സഹായിച്ചത്.