കേരളാകോൺഗ്രസ് ഭരണം പി.ജെ. ജോസഫിന്റെ കൈകളിലേക്ക്..

പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം) ചെയർമാന്റെ അധികാരങ്ങൾ പ്രയോഗിച്ചു തുടങ്ങി. ഇന്നലെ ജോസഫ് തൊടുപുഴയിൽ നടത്തിയ പ്രസ്താവനയിൽ പാർട്ടിയുടെ നേതൃത്വം അദ്ദേഹം കയ്യിലെടുക്കുന്നതിന്റെ സൂചനകളാണുള്ളത്. ‘‘കേരള കോൺഗ്രസിൽ ഒരാൾക്ക് ഒരു സ്ഥാനമേ ഉണ്ടാകൂ. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. ഒരുവിഭാഗം കോടതിയിൽ പോയതു ദുരൂഹമാണ്. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടും. തർക്കങ്ങൾ രമ്യമായി പരിഹരിക്കും’’ – പാർട്ടി പിടിച്ചെടുക്കാൻ മാണി, ജോസഫ് വിഭാഗങ്ങൾ നടത്തുന്ന ബലപരീക്ഷണത്തിൽ ജോസഫ് മേൽക്കൈ നേടിയെന്ന സൂചന പരത്തി ഈ പ്രസ്താവന.

കെ.എം. മാണിയുടെ നിര്യാണത്തോടെ പാർട്ടി ഭരണഘടന പ്രകാരം ചെയർമാന്റെ അധികാരം ഇപ്പോൾ പി.ജെ. ജോസഫിനാണ്. ജോസ് കെ. മാണിയോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ ജോസഫിന്റെ പ്രസ്താവനയോടു പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പാർട്ടിയിൽ ഭിന്നത വരാതിരിക്കാനാണ് മറുപടി പറയാതിരിക്കുന്നതെന്ന് മാണി വിഭാഗം രഹസ്യമായി പറയുന്നു. ഫ്രാൻസിസ് ജോർജും കൂട്ടരും വിട്ടുപോയതോടെ 99% പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്നും കെ.എം.മാണിയുടെ വിശ്വസ്തർ പറയുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ജോസഫിന് മുൻകൈ എന്നു വരുത്തി തീർക്കുവാനുള്ള ശ്രമം നടക്കുന്നുവെന്ന് അവർ ആരോപിക്കുന്നു.

ജോസഫ് വിഭാഗം മുൻകയ്യെടുത്തു തിരുവനന്തപുരത്തു നടത്തിയ മാണി അനുസ്മരണ സമ്മേളനം 150 പേർക്കിരിക്കാവുന്ന ചെറിയ ഹാളിലാണ് നടത്തിയത്. കെ.എം മാണിയെപ്പോലൊരു നേതാവിനെ ഇങ്ങനെയല്ല അനുസ്മരിക്കേണ്ടതെന്ന് ഒ. രാജഗോപാൽ എംഎൽഎ വേദിയിൽ പറയുകയും ചെയ്തു. ഇതെല്ലാം ജോസഫ് വിഭാഗത്തിനെതിരായ ആയുധമായി മാണി വിഭാഗം പ്രയോഗിക്കും.

പാലായിൽ ഇന്ന് കെ.എം. മാണിയുടെ പ്രാർഥാനാ ദിനമാണ്. കുടുംബാംഗങ്ങൾ നടത്തുന്ന ചടങ്ങാണെങ്കിലും കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. പാർട്ടിയുടെ ചെയർമാനെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്ക് ഇന്നു തുടക്കമിടാനും നേരത്തെ നിശ്ചയിച്ചിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതോടെ ഇന്നത്തെ ചർച്ചയ്ക്കുള്ള സാധ്യതയും കുറഞ്ഞു. ചെയർമാന്റെ അധികാരങ്ങൾ വർക്കിങ് ചെയർമാനു ലഭിച്ചതാണു ജോസഫിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും ശക്തി പകർന്നത്. മാണി വിഭാഗത്തിൽ നിന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി ഏബ്രഹാമിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ജോസഫിന്റെ ശക്തി കൂടി.

ഇതേസമയം, ചെയർമാനെ തിരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മിറ്റിയിലും മറ്റു പാർട്ടി ഘടകങ്ങളിലും മാണി വിഭാഗത്തിനാണു മുൻതൂക്കം. എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം ജോസഫിനും ജോയ് ഏബ്രഹാമിനുമാണ്. മാണി വിഭാഗത്തിന് ഇപ്പോൾ ഈ അധികാരമില്ല. മാത്രമല്ല, ബദൽ യോഗം വിളിച്ചാൽ നടപടിയും എടുക്കാം. സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാതെ ജോസഫ് വിഭാഗം തീരുമാനം നീട്ടി. ഇതിനെതിരെയാണ് 10 ജില്ലാ പ്രസിഡന്റുമാരെ രംഗത്തിറക്കി മാണി വിഭാഗം തിരിച്ചടിച്ചു നോക്കിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെ.എം. മാണി അനുസ്മരണത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കു നിർദേശം നൽകിയിരുന്നു. ഇതു ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കമായി മാണി വിഭാഗം സംശയിച്ചു. ഇതിനെതിരെയുള്ള നീക്കമായാണ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ആദിനാട് മനോജ് കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

ജോസഫിനെ താൽക്കാലിക ചെയർമാനായി നിയമിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷനെയും അറിയിച്ചിട്ടുണ്ടെന്നാണു സൂചന. ലോക്സഭാ സീറ്റു നിഷേധിക്കപ്പെട്ട വേളയിലെ മുറിവുകൾക്കു മറുപടി കൊടുക്കാൻ ജോസഫ് വിഭാഗം കിട്ടിയ അവസരം വിനിയോഗിക്കുകയുമാണ്. മാണി വിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണാം.