കേരളാ കോൺഗ്രസ് സെക്യുലറിന്റെ പിൻബലത്തിൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു

പൂഞ്ഞാർ ∙ കേരളാ കോൺഗ്രസ് സെക്യുലറിന്റെ പിൻബലത്തിൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി. 13 അംഗ പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകളിൽ യുഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം ഇരു മുന്നണികൾക്കും ആറു വീതവും ബിജെപിക്ക് ഒരംഗവുമാണ് ഉണ്ടായിരുന്നത്. അഞ്ചാം വാർഡിൽനിന്നു സിപിഎമ്മിലെ രമേശ് ബി. വെട്ടിമറ്റം വിജയിച്ചത് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

12ാം വാർഡിൽ ബിജെപി സ്‌ഥാനാർഥി ഗീതാ ജെമിനി വിജയിച്ചത് ഒരു വോട്ട് ഭൂരിപക്ഷത്തിനാണ്. മുൻ പ്രസിഡന്റ് ബേബി അറയ്ക്കപ്പറമ്പിൽ പത്താം വാർഡിൽ പരാജയപ്പെട്ടു. സിപിഎമ്മിലെ രമേശ് ബി. വെട്ടിമറ്റം പഞ്ചായത്ത് പ്രസിഡന്റായേക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണവും എൽഡിഎഫ് നേടി. എൽഡിഎഫിന്റെ കോട്ടയായിരുന്ന പഞ്ചായത്ത് കേരളാ കോൺഗ്രസ് സെക്യുലറിന്റെ ബലത്തിലാണ് യുഡിഎഫ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇത്തവണ 14 ൽ 11 സീറ്റുകളും എൽഡിഎഫ് നേടി. മൂന്ന് സീറ്റ് മാത്രമാണ് യുഡിഎഫിന് നേടാനായത്. രണ്ടാം വാർഡിൽ കേരളാ കോൺഗ്രസ് സെക്യുലറിലെ ഷൈനി സന്തോഷ് രണ്ട് വോട്ടിനാണ് വിജയിച്ചത്. ആറ് സീറ്റിൽ മത്സരിച്ച കേരളാ കോൺഗ്രസ് സെക്യുലർ ആറു സീറ്റിലും വിജയിച്ചു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സെക്യുലർ വിജയം നേടി.