കേരള കോൺഗ്രസ് ഇനി ആരു നയിക്കും? ജോസ് കെ. മാണിയോ പി.ജെ. ജോസഫോ?

∙ കെ.എം. മാണിക്കു ശേഷം കേരള കോൺഗ്രസിനെ ഇനി ആരു നയിക്കുമെന്ന ചർച്ചകൾക്കു തുടക്കമിടാൻ പാർലമെന്ററി പാർട്ടി യോഗം അടുത്തയാഴ്ച ചേരും. പാർട്ടി എംഎൽഎമാരും എംപിയും പങ്കെടുക്കുന്ന യോഗത്തിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ബഹ്റൈനിലാണ്. ഇന്ന് അദ്ദേഹം തിരിച്ചെത്തിയ ശേഷമാകും യോഗ തീയതി നിശ്ചയിക്കുക. കെ. എം മാണിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന ചെയർമാൻ പദവിയിൽ ആരു വേണമെന്ന തീരുമാനം പാർലമെന്ററി പാർട്ടി അംഗങ്ങൾക്കു മാത്രമായി എടുക്കാനാവില്ല.

ഇക്കാര്യം തീരുമാനിക്കാൻ സംസ്ഥാന സമിതി യോഗമോ ഉന്നതാധികാര സമിതി യോഗമോ വിളിക്കണം. മുൻപ് തർക്ക വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കെ.എം.മാണിയെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. വൈസ് ചെയർമാൻ ജോസ് കെ.മാണിയെ ചെയർമാനും പി.ജെ.ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവുമാക്കുക എന്ന ഒത്തുതീർപ്പു ഫോർമുല സജീവമാണ്. പാർട്ടിയുടെ തലപ്പത്ത് ആരെന്ന തീരുമാനം വന്ന ശേഷമേ പാലാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യൂ.

അതേ സമയം ഇന്നലെ പാലായിൽ ചേർന്ന എൻസിപി ബ്ലോക്ക് യോഗം പാലാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥിയായി മാണി സി.കാപ്പന്റെ പേര് നിർദേശിച്ചു. മാണി സി കാപ്പൻ 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ പാലായിൽ കെ.എം. മാണിക്കെതിരെ മൽസരിച്ചിരുന്നു. എൻസിപി നേതാക്കളായ ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർ ആയിരിക്കും സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം സ്ഥാനാർഥിയെ തീരുമാനിച്ചാൽ മതിയെന്നാണു പാർട്ടിയിലെ പൊതുവികാരം. മുൻപു മൽസരിച്ചയാളെന്ന നിലയിൽ മാണി സി.കാപ്പനു നേരിയ മുൻതൂക്കമുണ്ട്.