കേരള കോൺഗ്രസ് (എം) ആർക്കൊപ്പം കൂടും; യുഡിഎഫ്, എൽഡിഎഫ് നേതാക്കളുമായി ചർച്ചകൾ


കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരവും രണ്ടില ചിഹ്നവും ലഭിച്ചതോടെ കേരള കോൺഗ്രസിന്റെ (എം) മുന്നണി പ്രവേശത്തിനു വഴിയൊരുങ്ങുന്നു. യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ കേരള കോൺഗ്രസ് (എം) നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. പാർലമെന്റ് ഉപസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനും തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നു വിധിയുടെ ഔദ്യോഗിക രേഖകൾ സ്വീകരിക്കുന്നതിനും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയും തോമസ് ചാഴികാടൻ എംപിയും ഡൽഹിയിലാണ്.

പാർട്ടി ജില്ലാ നേതൃയോഗങ്ങൾ ഇന്നു തുടങ്ങും. ജോസഫ് വിഭാഗത്തിലേക്കു മാറിയ പ്രാദേശിക തലങ്ങളിലെ ജനപ്രതിനിധികൾക്കെതിരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള നടപടി യോഗങ്ങളിൽ ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും അജൻഡയിലുണ്ട്. കേരള കോൺഗ്രസ് (എം) എന്ന പേര് ഉപയോഗിച്ചതിന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡ‍ന്റ് സജി മഞ്ഞക്കടമ്പിലിനെതിരെ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

എന്നാൽ, സണ്ണി തെക്കേടം തനിക്ക് എതിരെ നൽകിയത് വ്യാജ പരാതിയാണെന്നു കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സണ്ണിയെ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും സജി പറഞ്ഞു. ഇതിനിടെ, ജോസഫ് വിഭാഗത്തിലേക്കു പോയ ചില നേതാക്കൾ തിരിച്ചുവരാൻ ശ്രമം തുടങ്ങി. മടങ്ങിവരാൻ താൽപര്യമുള്ള മുതിർന്ന നേതാക്കളുമായി ജോസ് കെ. മാണി നേരിട്ടാണു ചർച്ച നടത്തുന്നത്. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തുന്നതിനു ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി.

മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവർ ജോസ് കെ. മാണിയുമായി അനൗദ്യോഗികമായി സംസാരിച്ചതായി സൂചന. കേരള കോൺഗ്രസ് (എം) യുഡിഎഫിൽ നിൽക്കണമെന്നാണ് മുന്നണിയുടെ ആഗ്രഹമെന്നു തിരുവ‍‍ഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. എൽഡിഎഫിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്ന സമയത്ത് മുന്നണിയുടെ ഒരു ഘടകകക്ഷി മാറുന്നതു നല്ലതല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സിപിഎം മധ്യസ്ഥരും കേരള കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്.

എൽഡിഎഫുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടുന്നതു സംബന്ധിച്ച് നീക്കുപോക്കുകൾ വരെ പ്രാദേശിക തലത്തിൽ ഏതാനും ആഴ്ചകൾക്കു മുൻപ് ചർച്ച ചെയ്തിരുന്നു. കേരള കോൺഗ്രസുമായി (എം) ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. യുഡിഎഫിലേക്കു പോകില്ലെന്നാണ് കരുതുന്നത്. അവർ നിലപാട് പറയട്ടെ. അതു കഴിഞ്ഞാൽ എൽഡിഎഫിൽ ചർച്ച തുടങ്ങും– വിജയരാഘവൻ പറഞ്ഞു. ഇരുമുന്നണികളുമായി ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ജോസുമായി ചർച്ച യുഡിഎഫ് യോഗത്തിന് ശേഷമെന്ന് ലീഗ്

 ജോസ് കെ.മാണി വിഷയത്തിൽ സമ്പൂർണ യുഡിഎഫ് യോഗത്തിൽ ആലോചിച്ച ശേഷം മാത്രമേ ചർച്ചയുള്ളൂവെന്നു മുസ്‌ലിം ലീഗ്. നേരത്തേ ഇതു സംബന്ധിച്ച നടത്തിയ ചർച്ചകളിൽ നിർഭാഗ്യവശാൽ തീരുമാനത്തിലെത്താനായില്ലെന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനിയെന്തു ചെയ്യണമെന്നത് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതുണ്ട്. വെർച്വൽ അല്ലാതെ നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന യോഗത്തിൽ ആലോചിക്കാനാണു ധാരണ. അ‌ടുത്ത യുഡിഎഫ് സമ്പൂർണ യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമേ അടുത്തഘട്ടം ചർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചു കൊണ്ടുവരാൻ ആരും ശ്രമിക്കുന്നില്ല: പി.ജെ. ജോസഫ്

∙ ജോസ് കെ. മാണിയെ തിരികെ യുഡിഎഫിൽ കൊണ്ടുവരാൻ ആരും ശ്രമം നടത്തുന്നില്ലെന്നു പി.ജെ. ജോസഫ് എംഎൽഎ. യുഡിഎഫ് കൊണ്ടുവന്ന ചരിത്ര പ്രധാന അവിശ്വാസ ചർച്ചയിൽ വിപ്പ് ലംഘിച്ച് വിട്ടുനിന്നവരാണ് ജോസ് വിഭാഗം. അത്ര എളുപ്പമൊന്നും അവർ തിരിച്ച് യുഡിഎഫിൽ എത്തില്ല. വാശിയൊക്കെ മാറ്റിവച്ച് നല്ല കുട്ടികളായി വന്നാൽ തിരിച്ചെടുക്കാമെന്നു നേരത്തേ പറഞ്ഞ കാര്യമാണ്. എന്നാൽ അവരുടെ രീതികൾ അങ്ങനെയല്ലെന്നു തെളിയിക്കുന്നതാണ്– പി.ജെ. ജോസഫ് പറഞ്ഞു. യഥാർഥ കേരള കോൺഗ്രസ് (എം) തങ്ങളാണെന്നും രണ്ടില ചിഹ്നത്തിനായി നിയമപോരാട്ടം തുടരുമെന്നും ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇരട്ടത്തന്ത്രം

കോട്ടയം ∙ യുഡിഎഫിൽ തർക്കത്തിനു വഴിയൊരുക്കിയ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസിന് (എം) ഇരട്ടത്തന്ത്രം. പ്രസിഡന്റ് സ്ഥാനം സെബാസ്റ്റ്യൻ കുളത്തുങ്കൽ രാജിവയ്ക്കില്ല. യുഡിഎഫ് അവിശ്വാസം കൊണ്ടുവരട്ടെയെന്നാണ് കേരള കോൺഗ്രസ് (എം) നിലപാട്. ജോസഫ് വിഭാഗത്തിലേക്കു മാറിയ രണ്ട് അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കും