കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കം യുഡിഎഫിന് തലവേദന

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കം പാലാ ഉപതിരഞ്ഞെടുപ്പിനു മുൻപു തീർന്നില്ലെങ്കിൽ യുഡിഎഫിൽ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണം വരെ തർക്കമായേക്കും. സ്ഥാനാർഥി നിർണയത്തിനും സ്ഥാനാർഥിക്കു മത്സരിക്കാൻ പാർട്ടി ചിഹ്നം അനുവദിക്കുന്നതിനും ചെയർമാനാണ് അധികാരം.

ജോസ് കെ. മാണി വിഭാഗം ജൂൺ 16നു കോട്ടയത്തു സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയതും ചെയർമാൻ തിരഞ്ഞെടുപ്പു നടത്തിയതും ഭരണഘടനാ വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണു ജോസഫ് വിഭാഗം നേതാക്കൾ പിറ്റേന്നു തന്നെ തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് തൊടുപുഴ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞ് ഉത്തരവിട്ടു. അതേ സമയം ചെയർമാൻ തിരഞ്ഞെടുപ്പ് ഭരണഘടനയ്ക്കു വിധേയമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ജോസ് കെ. മാണി എതിർസത്യവാങ്മൂലവും വേഗം തീർപ്പാക്കൽ ഹർജിയും നൽകി. അതേ സമയം ഈ കേസ് കേൾക്കുന്നതിൽ നിന്നു തൊടുപുഴ മുൻസിഫ് പിൻമാറിയതോടെ കേസ് ഇടുക്കി മുൻസിഫ് കോടതിയിലേക്കു മാറ്റി. തൊടുപുഴ കോടതിയുടെ വിധി ശരിവച്ച് ഇന്നലെ മുൻസിഫ് കോടതിയും വിധി പറഞ്ഞു.

നീതി ലഭിച്ചു, ജോസ് കെ. മാണിയും കൂട്ടരും നടത്തിയതു പാർട്ടിയുടെ ഭരണഘടനാലംഘനമാണ് എന്നായിരുന്നു പി.ജെ.ജോസഫിനെ അനുകൂലിക്കുന്ന കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബിന്റെ പ്രതികരണം. എന്നാൽ, കേരള കോൺഗ്രസ് (എം) ചെയർമാന്റെ അധികാരങ്ങളിൽ ചിലതു മാത്രമാണു കോടതി പരിമിതപ്പെടുത്തിയതെന്നായിരുന്നു ജോസ് കെ. മാണി എംപിയുടെ പ്രതികരണം. അച്ചടക്കനടപടി എടുക്കാനുള്ള അധികാരം പോലുള്ള കാര്യങ്ങളിൽ മാത്രമേ ഇതു ബാധകമാകൂ, ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ഉത്തരവ് ബാധിക്കില്ലെന്നും ജോസ് കെ.മാണി പറയുന്നു.