കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം തിരിച്ചുകിട്ടാനുള്ള കാരണങ്ങൾ…


∙ സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ പട്ടികപ്രകാരം സംസ്ഥാന സമിതിയിൽ 305 പേർ. ലഭിച്ച സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിലുള്ള പിന്തുണ: ജോസ് കെ.മാണി ഗ്രൂപ്പ് – 174, ജോസഫ് – 117. പ്രിൻസ് ലൂക്കോസ്, മേരി സെബാസ്റ്റ്യൻ, ജോസ് വടക്കേക്കര, ഇക്ബാൽകുട്ടി, കുര്യൻ പി. കുര്യൻ എന്നിവർ 2 ഗ്രൂപ്പിനും പിന്തുണ നൽകുന്നുവെന്നു വ്യക്തമാക്കിയതിനാൽ ഭൂരിപക്ഷം നോക്കാൻ ഇവരുടെ സത്യവാങ്മൂലം പരിഗണിച്ചില്ല.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് നവംബർ ആദ്യ വാരവും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മേയിലും നടക്കേണ്ട സ്ഥിതിക്ക് വീണ്ടും സത്യവാങ്മൂലങ്ങൾ ആവശ്യപ്പെടുന്നത് തീരുമാനം വൈകിക്കാൻ ഇടയാക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർ സുശീൽ ചന്ദ്രയും വിലയിരുത്തി. ഇതു കേരള കോൺഗ്രസ്(എം)–ന്റെ തിരഞ്ഞെടുപ്പു തയാറെടുപ്പുകളെ ബാധിക്കുമെന്നും കുതിരക്കച്ചടവത്തിനു വഴിവയ്ക്കുമെന്നും ഭൂരിപക്ഷ ഉത്തരവിൽ പറയുന്നു.

ജോസിനെ ചെയർമാനായി തിരഞ്ഞെടുത്ത 2019 ജൂൺ 16ലെ യോഗത്തിന്റെ നിയമപരമായ സാധുത, പാർട്ടി പിളർന്നോയെന്നതു തീരുമാനിക്കുന്നതിനു പ്രസക്തമല്ല. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെവ്വേറെ സ്റ്റിയറിങ് കമ്മിറ്റി ചേർന്നതുതന്നെ പിളർപ്പിന്റെ ആദ്യ സൂചന. സത്യവാങ്മൂലങ്ങളും എംഎൽഎമാർ വെവ്വേറെ നൽകിയ പരാതികളും പിളർപ്പു വ്യക്തമാക്കുന്നതാണ്.

കൃത്യം ഒരാണ്ട്; നഷ്ടവും നേട്ടവും

∙ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് കേരള കോൺഗ്രസ് എമ്മിലെ ജോസ് വിഭാഗത്തിനു രണ്ടില ചിഹ്നം നഷ്ടപ്പെട്ടത്. ഈ ഓഗസ്റ്റ് 31ന് ചിഹ്നം തിരിച്ചു കിട്ടി. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജോസ് ടോമിനെ സെപ്റ്റംബർ ഒന്നിനു വൈകിട്ട് ജോസ് വിഭാഗം തീരുമാനിച്ചു. എന്നാൽ ചിഹ്നം നൽകാൻ വർക്കിങ് ചെയർമാൻ പി. ജെ. ജോസഫ് വിസമ്മതിച്ചു. ഇതോടെ പാലായിൽ കെ. എം. മാണിയാണു ചിഹ്നമെന്നു ജോസ് ടോം പറഞ്ഞു. പൈനാപ്പിൾ ചിഹ്നത്തിലാണ് ജോസ് ടോം മത്സരിച്ചത്.

തെറ്റു തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും, അല്ലാത്തവർക്കെതിരെ നടപടി

കോട്ടയം ∙ രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും വിപ്പ് ലംഘിച്ച എംഎൽഎമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ജോസഫ് വിഭാഗത്തിന് ഒപ്പം നിൽക്കുന്നവർ തെറ്റു തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും. അല്ലാത്തവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകും. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ചു.

തോമസ് ചാഴികാടൻ എംപി, റോഷി അഗസ്‌റ്റിൻ എംഎൽഎ, എൻ. ജയരാജ് എംഎൽഎ, ജോസഫ് എം. പുതുശേരി, സ്‌റ്റീഫൻ ജോർജ്, പി.എം മാത്യു, എം.എസ് ജോസ്, ജോസ് ടോം, വി.ടി ജോസഫ്, കെ.ഐ. ആന്റണി, ചെറിയാൻ പോളച്ചിറക്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, വിജി എം. തോമസ്, സണ്ണി തെക്കേടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, എൻ.എം രാജു, നിർമല ജിമ്മി, ജെന്നിങ്സ് ജേക്കബ്, റെജി കുന്നംകോട്, സാജൻ തൊടുക, അബേഷ് അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം ∙ കേരള കോൺഗ്രസി(എം)നെ യുഡിഎഫിൽ നിന്ന് ഒരുഘട്ടത്തിലും പുറത്താക്കിയിട്ടില്ലെന്നും സാങ്കേതികമായി അവർ ഇപ്പോഴും മുന്നണിയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടു യുഡിഎഫ് നേതൃത്വമുണ്ടാക്കിയ ധാരണ പാലിക്കാതെ വന്നപ്പോൾ അവരെ യുഡിഎഫ് യോഗത്തിൽ നിന്നു മാറ്റിനിർത്തുകയാണു ചെയ്തത്. പിന്നെ രാജ്യസഭാ തിരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാതിരുന്നതിലെ അസംതൃപ്തിയും രേഖപ്പെടുത്തി. 3നു നടത്താനിരുന്നു യുഡിഎഫ് യോഗം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിട്ടുണ്ട്. പിന്നീടുള്ള കാര്യങ്ങൾ കൂട്ടായി ആലോചിച്ചു തിരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. രണ്ടില ചിഹ്നത്തെക്കുറിച്ചുള്ള തർക്കം കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.