കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

 

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ കൃഷിക്കാരുടെ കൈവശഭൂമിയുടെ പട്ടയത്തിന് നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി. , മുണ്ടക്കയം, എരുമേലി വില്ലേജുകളിലെ ഹില്‍മെന്‍ സെറ്റില്‍മെന്റ് ഏരിയായില്‍ വരുന്ന പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന്, അമരാവതി, പാക്കാനം, തുമരംപാറ, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി, കൊട്ടാരംകട, എരുമേലി വില്ലേജിലെ എയ്ഞ്ചല്‍വാലി പമ്പാവാലി വടക്ക്, റാന്നി താലൂക്കില്‍ പമ്പാവാലി തെക്ക് മണിമല, ആലപ്ര പ്രദേശങ്ങളിലെയും കൃഷിക്കാരുടെ കൈവശഭൂമിയ്ക്കാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നത്.

എയ്ഞ്ചല്‍വാലി, പമ്പാവാലി വടക്ക്, പമ്പാവാലി തെക്ക് പ്രദേശങ്ങള്‍ 1948-49 വര്‍ഷങ്ങളില്‍ ഗ്രോമോര്‍ഫുഡ് പദ്ധതിയുടെ ഭാഗമായി കുടിയേറിയവരും 1956ല്‍ വനംവകുപ്പ് റവന്യൂവകുപ്പിന് വിട്ടുനല്‍കിയതും 1963ല്‍ മണിയങ്ങാടന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഈ സ്ഥലങ്ങള്‍ സ്ഥിരപ്പെടുത്തുവാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്. 1970ല്‍ സര്‍വ്വെ പൂര്‍ത്തിയാക്കി. 1990ല്‍ സംയുക്ത പരിശോധനയും പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്.

മണിമല വില്ലേജില്‍ ആലപ്ര പ്രദേശത്തെ കൃഷിക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അടിയന്തിരമായി പൂര്‍ത്തീകരിച്ച് പട്ടയം നല്‍കുവാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു.

26-02-2014ല്‍ കോട്ടയം ജില്ലാ കളക്ടര്‍ പട്ടയവിതരണം ത്വരിതപ്പെടുത്തുന്നതിന് ഡെപ്യൂട്ടി കളക്ടറിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, റവന്യൂമന്ത്രി അടൂര്‍പ്രകാശ്, വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ നേരില്‍ക്കണ്ട് ഈ നടപടികള്‍ ത്വരിതപ്പെടുത്തി. ആറ് പതിറ്റാണ്ടു കാലമായി പട്ടയം ലഭിക്കുവാന്‍ കാത്തിരിക്കുന്ന 10000 ത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിന് അവസരമുണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മൂന്ന് സെന്റ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലം ഉള്ളവരാണ് ബഹു ഭൂരിപക്ഷം കൃഷിക്കാരും.

കൃഷിക്കാര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും മുറിക്കുവാന്‍ അവസരമില്ലാതെ ജീവിക്കുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആന്റോ ആന്റണി എം.പി മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അഭ്യര്‍ത്ഥിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി 2014ല്‍തന്നെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കണമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എം.പി. പറഞ്ഞു.

പത്തനംതിട്ടയിലെ പമ്പാവാലി പ്രദേശത്ത് പട്ടയങ്ങളില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തുവാന്‍ അദാലത്തുകള്‍ നടത്തുവാന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പതിനായിരത്തിലധികം വരുന്ന കര്‍ഷക കുടുംബങ്ങളുടെ സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആന്റോ ആന്റണി അറിയിച്ചു.