കൊക്കോ കൃഷി വ്യാപനവുമായി മണിമലയില്‍ കാര്‍ഷിക പദ്ധതി

കാഞ്ഞിരപ്പള്ളി: റബര്‍ കാര്‍ഷിക മേഖല പ്രതിസന്ധിഘട്ടത്തെ നേരിടുമ്പോള്‍ കൊക്കോ കൃഷിയിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷിവകുപ്പ്. ഇതിന്റെ ഭാഗമായി മേഖലയിലെ അഞ്ച് പഞ്ചായത്തുകളെ കൊക്കോ ഗ്രാമമായി പ്രഖ്യാപിക്കുമെന്ന് എന്‍. ജയരാജ് എം. എല്‍. എ അറിയിച്ചു.

എല്ലാ വീട്ടിലും ഒരു കൊക്കോ തൈ വീതം നടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊക്കോ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല മുഴുവന്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ആദ്യ പടിയായി കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ്, വെള്ളാവൂര്‍, വാഴൂര്‍ പപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 25,000 തൈകള്‍ സംഘം വഴി വിതരണം ചെയ്യും. സബ്‌സിഡി ലഭിക്കുകയില്ലാത്ത 250 ചെറുകിട കൃഷിക്കാര്‍ക്ക് 10 തൈ വീതമാകും നല്‍കുക. ഒരു കൊക്കോയില്‍ നിന്ന് രണ്ടായിരം രൂപവരെ വാര്‍ഷിക വരുമാനം നേടാന്‍ സാധിക്കും. കൊക്കോ ഉത്പന്നങ്ങള്‍ വിപണിയില്‍ കൂടി വരുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഒരോ പഞ്ചായത്തിലും കര്‍ഷകര്‍ക്കായി യൂണിറ്റ് ആരംഭിക്കുമെന്നും കൊക്കോ ഉത്പാദക സംഘം ഭാരവാഹികള്‍ പറഞ്ഞു. മികച്ച വില നല്‍കി വിള ഏറ്റെടുക്കുകയും കൃഷി രീതികളും വിള വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യൂണിറ്റ് വഴി നല്‍കും. വിലയിടിവ് മൂലം നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ഇടവിളയായി കൊക്കോ കൃഷി ചെയ്ത് വരുമാനം നേടാം. സംഘത്തിന്റെ നേതൃത്വത്തില്‍ മണിമലയില്‍ രണ്ടര ഏക്കര്‍ തോട്ടത്തില്‍ മാതൃക കൊക്കോ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. 500 തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്. കൃഷിക്കാവിശ്യമായ വെള്ളത്തിനായി 10 ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. റബര്‍, തെങ്ങ്, കമുക് തോട്ടങ്ങളില്‍ കൊക്കോ ഇടവിളയായി കൃഷി ചെയ്ത് വരുമാനം നേടാന്‍ സാധിക്കും. കൃത്യമായ പരിചരണം നല്‍കുകയാണെങ്കില്‍ രണ്ടാം വര്‍ഷത്തില്‍ തന്നെ വിളവെടുപ്പ് തുടങ്ങാം
.
കേരളത്തില്‍ ആകെ നൂറു ഹെക്ടര്‍ സ്ഥലത്ത് കൊക്കോ കൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇത് റബ്ബര്‍ കൃഷിയേക്കാള്‍ ലാഭകരമാണ്. കൊക്കോ ചെടികള്‍ റബ്ബറിനും മറ്റ് കൃഷികള്‍ക്കും ഇടവിളയായി കൃഷി ചെയ്ത് ആദായം ഉണ്ടാക്കാനാകും. മുന്‍കാലങ്ങളില്‍ കൊക്കോയുടെ വിലയിടിക്കുന്ന നടപടികള്‍ ഇനി നടപ്പിലാവില്ല. ഈ മേഖലയില്‍ വ്യത്യസ്ത കമ്പനികളുടെ സാന്നിധ്യവും, കയറ്റുമതി ചെയ്യാനുള്ള സാധ്യതകളൂം മുന്‍പത്തെക്കാള്‍ എറെയാണ്. മണിമല കേന്ദ്രീകരിച്ച് രണ്ട് വര്‍ഷം മുന്‍പാണ് കൊക്കോ ഉദ്പാദക സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കൊക്കോ കൃഷി കേരളത്തില്‍ വ്യാപിപ്പിക്കുക, അത്യുല്‍പാദന ശേഷിയുള്ള വിത്തുതൈകര്‍ ഉല്‍പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, കൃഷി, വിപണനം, സംസ്‌ക്കരണം തുടങ്ങി അറിവുകള്‍ കൃഷിക്കാര്‍ക്ക് നല്‍കുക, സര്‍ക്കാരില്‍ നിന്നും, മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാവുന്ന സബ്‌സിഡി മുതലായ ആനുകൂല്യങ്ങള്‍ കര്‍ഷകരിലെത്തിക്കുക, കര്‍ഷകര്‍ക്ക് മുന്തിയ വില ലഭിക്കുവാന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കര്‍ഷകരുട നേതൃത്വത്തില്‍ കൊക്കോ ഉല്‍പാദക സഹകരണ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

കൊക്കോയുടെ ഉപയോഗം പ്രതിവര്‍ഷം 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. ചോ€േറ്റിന്റെ പ്രകൃതിദത്തമായ ഉറവിടമാണ് കൊക്കോ. 70 ശതമാനം വരെ പ്രതിവര്‍ഷം കൊക്കോ ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര തലത്തില്‍ മൊത്തം ഉല്‍പാദനം നാല് മില്യന്‍ ടണ്ണാണ്. ഇന്ത്യയുടെ ഉല്‍പാദനം വെറും 0.3 ശതമാനം മാത്രമാണ്.

മണിമല, വെള്ളാവൂര്‍, ചിറക്കടവ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ 250 കുടുംബങ്ങള്‍ക്കായി പത്ത് കൊക്കോ തൈകള്‍ വെച്ച് സൗജന്യമായി നല്‍കുമെന്ന് കൊക്കോ ഉല്‍പാദക സഹകരണ സംഘം ഭാരവാഹികള്‍ അറിയിച്ചു. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ ഫോണ്‍: 9447184735, 9847238243 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം. കെ തോമസ്, സെക്രട്ടറി ഷിബു വയലില്‍, ഭാരവാഹികളായ പോള്‍ ദാസ്, ഷാജി ജോസ്, കെ. വി. വര്‍ഗീസ്, ലാജി മാടത്താനിക്കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.