കൊച്ചുമകന്റെ നൂലൂകെട്ട് നടത്തേണ്ട ദിവസം മുത്തച്ഛന് ചിതയൊരുങ്ങി

കാഞ്ഞിരപ്പള്ളി: അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍ക്ക് നാട് വിടചൊല്ലി. കൊച്ചുമകന്റെ നൂലൂകെട്ട് ചടങ്ങ് നടത്തേണ്ട ദിവസം മുത്തച്ഛന് ചിതയൊരുക്കേണ്ടി വന്നത് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ സങ്കടത്തിലാക്കി. തിങ്കളാഴ്ച രണ്ടരയോടെയാണ് മൃതദേഹങ്ങള്‍ പാറത്തോട് കുന്നുംഭാഗത്തുള്ള കുടുംബ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമായ നിരവധിപേര്‍ സഹോദരങ്ങളായ പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്‍ (55), അനിയന്‍ (50) എന്നിവരെ അവസാനമായി കാണാന്‍ തടിച്ച് കൂടിയിരുന്നു.

അപകടത്തില്‍ മരിച്ച ചന്ദ്രന്റെ മകന്‍ രഞ്ചുവിന്റെ മകന്റെ നൂല്‌കെട്ട് ചടങ്ങ് തിങ്കളാഴ്ച ആയിരുന്നു വെച്ചിരുന്നത്. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുമ്പോഴായിരുന്നു മരണവാര്‍ത്ത ഞായറാഴ്ച എത്തിയത്. അടുത്തടുത്ത വീടുകളിലാണ് സഹോദരങ്ങള്‍ താമസിച്ചിരുന്നത്. വൈകുന്നേരം നാലരയോടെ വീടിനോട് ചേര്‍ന്ന് അടുത്തടുത്തായിട്ടാണ് ഇരുവര്‍ക്കും ചിതയൊരുക്കിയതും.

പൊടിമറ്റം ക്ലാര മഠത്തിലെ ജീവനക്കാരനായിരുന്നു ചന്ദ്രന്‍. മഠത്തിലും ചന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ഒരുമിച്ചാണ് വീട്ടിലേക്കെത്തിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. സമൂദായത്തിന്റെ യോഗം കഴിഞ്ഞ് കോരുത്തോട്ടില്‍നിന്നും മടങ്ങിവരവെയായിരുന്നു അപകടം .

പാറമടജങ്ക്ഷന് സമീപം വളവില്‍ നിയന്ത്രണംവിട്ടവാന്‍ മുന്‍പില്‍ പേവുകയായിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുന്‍പേ ഇരുവരും മരിച്ചു.