കൊടുംചൂടിൽ വെന്തുരുകി സ്ഥാനാർഥികൾ

കൊടുംചൂടിൽ വെന്തുരുകി സ്ഥാനാർഥികൾ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ കുംഭച്ചൂടിലെ പൊരിവെയിലത്ത് വലഞ്ഞാണ് വോട്ട് തേടുന്നത്. യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പിറവം മണ്ഡലത്തിലായിരുന്നു ഇന്നലെ പര്യടനം. വീട്ടിൽ നിന്നു ഫ്ലാസ്കിൽ ചൂടുവെള്ളം കരുതിയാണ് രാവിലെ പോകുന്നത്.

അല്പം വിശ്രമം ലഭിക്കുന്ന അവസരങ്ങളിലെല്ലാം പരമാവധി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുമെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. കടുത്തുരുത്തി, ഏറ്റുമാനൂർ മണ്ഡലങ്ങളിവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ പര്യടനം. ചൂടിൽ നിന്ന് രക്ഷ നേടുന്നതിന് ചൂടുവെളളം തന്നെയാണ് വാസവനും ആശ്രയിക്കുന്നത്.

പര്യടനത്തിനു ഭാഗമായി വോട്ടർമാരുടെയും പ്രവർത്തകരുടെയും വീടുകളിൽ എത്തുമ്പോൾ അവിടെ നിന്നാകും ചൂടുവെള്ളം ചോദിച്ച് വാങ്ങി കുടിക്കുന്നതെന്ന് വാസവൻ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി പി.സി തോമസിനെയും തളർത്തുന്നത് ചൂട് തന്നെ. വണ്ടിയിൽ ശുദ്ധജലം കരുതിയാണു യാത്രയെന്നു പി.സി. തോമസ് പറഞ്ഞു.