കൊടുങ്ങൂർ ദേവിക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം

കൊടുങ്ങൂർ: ദേവിക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം 14 മുതൽ 19 വരെ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അഷ്ടബന്ധ കലശം 12 വർഷം മുമ്പ് നടത്തിയെങ്കിലും നവീകരണ കലശം നടത്തിയിട്ട് നൂറ്റാണ്ടുകളായി. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദേവപ്രശ്‌ന വിധി പ്രകാരമാണ് പരിഹാരക്രിയകളുടെ അവസാനഭാഗമായി കലശം നടത്തുന്നത്. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റേയും മേൽശാന്തി ഇടയ്ക്കാട്ടില്ലം അനിൽ നമ്പൂതിരിയുടേയും കാർമികത്വത്തിലാണ് ചടങ്ങുകൾ.

14ന് രാവിലെ ആചാര്യവരണം, പ്രാസാദശുദ്ധി, വൈകിട്ട് വാസതുഹോമം എന്നിവ നടക്കും. 15 മുതൽ 18 വരെ തീയതികളിൽ രാവിലേയും വൈകിട്ടും വിവിധ കലശപൂജകൾ നടത്തും. 19നാണ് നവീകരണ കലശം. അഷ്ടബന്ധ സ്ഥാപനം, ബ്രഹ്മകലശാഭിഷേകം, നക്ഷത്രനാമകലശം, തത്വകലശം എന്നിവയുണ്ട്. ഉച്ചയ്ക്ക് പ്രസാദമൂട്ട് നടത്തും. പത്രസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് പി.പി.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി വി.സി.റെനീഷ്‌കുമാർ, സി.ജി.ഹരീന്ദ്രനാഥ്, എസ്.എം.സേതുരാജ് എന്നിവർ പങ്കെടുത്തു.