കൊരട്ടി പിൽഗ്രിം അമിനിറ്റി സെന്ററിൽ കൺവൻഷൻ സെന്ററിന് അനുമതി

എരുമേലി ∙ കൊരട്ടി പിൽഗ്രിം അമിനിറ്റി സെന്ററിൽ രണ്ടുകോടി ചെലവിട്ടു കൺവൻഷൻ സെന്റർ നിർമിക്കുന്നതിനു ഭരണാനുമതി ലഭിച്ചു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നു പി.സി.ജോർജ് എംഎൽഎ അറിയിച്ചു. കൺവൻഷൻ സെന്റർ സ്ഥാപിക്കുന്നതോടെ തീർഥാടകർക്കു പുറമേ പൊതുജനത്തിനും കൂടുതൽ പ്രയോജനം ലഭിക്കും.

എരുമേലിയിൽനിന്ന് ഒന്നര കിലോമീറ്റർ മാറി കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലത്തിനു സമീപമാണ് ഡിടിപിസിയുടെ പിൽഗ്രിം സെന്റർ പ്രവർത്തിക്കുന്നത്. ഒന്നര പതിറ്റാണ്ടു മുൻപു കേന്ദ്ര പൊതുമരാമത്ത് വിഭാഗത്തിനു കീഴിൽ കെടിഡിസിക്കുവേണ്ടി ഒരുകോടി ചെലവിട്ടു നിർമിച്ച കെട്ടിടസമുച്ചയങ്ങളിൽ തീർഥാടകർക്കു വിരിവയ്ക്കാനുള്ള സൗകര്യം, ഡോർമിറ്ററി, ശുചിമുറികൾ, പാർക്കിങ് എന്നിവ അടക്കമുള്ള സംവിധാനങ്ങളുണ്ട്. കെടിഡിസി പിന്നീട് ഇതു ഡിടിപിസിക്കു കൈമാറുകയായിരുന്നു.

ഇതിനോട് അനുബന്ധിച്ചാണു പുതിയ കൺവൻഷൻ സെന്റർ സ്ഥാപിക്കുകയെന്നു പി.സി.ജോർജ് പറഞ്ഞു. തുക നിലവിലുള്ള പിൽഗ്രിം സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുകൂടി ചെലവിടും. കൺവൻഷൻ സെന്ററിൽ കൂടുതൽ ഡോർമിറ്ററികൾ, ശുചിമുറി, ഓഡിറ്റോറിയം എന്നിവയും ഉണ്ടാവും. തീർഥാടനകാലം കഴിയുമ്പോൾ പൊതുജനത്തിനും ഉപകാരപ്പെടുംവിധമാണു നിർമാണം.