കൊറോണ വൈറസ്: മരണസംഖ്യ ഉയരുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത്


ഏറ്റവും സൂക്ഷ്മമായ കീടാണുക്കളാണ് വൈറസുകൾ. കോടിക്കണക്കിനാളുകളെ കൊന്നിട്ടുണ്ടെങ്കിലും, ബാക്ടീരിയകളിൽനിന്നു ഭിന്നമായി സ്വയം പെറ്റുപെരുകാനുള്ള കഴിവില്ലാത്തതിനാൽ അവയെ ജീവനുള്ളതായി പരിഗണിക്കാറില്ല. ജീവികളുടെ ശരീരത്തിൽ കടന്നുകയറി അവയുടെ കോശങ്ങളിലെ സംവിധാനം ഉപയോഗിച്ചാണ് ഇത് എണ്ണം വർധിപ്പിക്കുന്നത്. തുടർന്ന് അടുത്ത ആളിലേക്ക് പകരും. ഒരു പരിധിവരെ, കോശങ്ങൾ നഷ്ടപ്പെട്ടാൽ രോഗി ഗുരുതരാവസ്ഥയിലാകാം. സാധാരണ ജലദോഷം, ഫ്ലൂ, ചിക്കൻപോക്സ്, കൈയിലെ അരിമ്പാറ, എയ്ഡ്സ് തുടങ്ങിയവയെല്ലാം പലതരത്തിലുള്ള വൈറസുകൾ ഉണ്ടാക്കുന്ന അസുഖങ്ങളാണ്.

സാധാരണ ജലദോഷവും ചുമയും ഉണ്ടാക്കുന്ന വൈറസുകൾ

റൈനോ വൈറസ് ആണ് സാധാരണയായി ജലദോഷം ഉണ്ടാക്കുന്നത്. തൊട്ടു പിന്നാലെയാണ് സാധാരണ കണ്ടുവരുന്ന കൊറോണവൈറസുകൾ (4 തരത്തിലുണ്ട് അവ) പ്രായപൂർത്തിയായ എല്ലാവർക്കും ഇവ കാരണമുള്ള ജലദോഷം ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകും. ഇൻഫ്ലുവൻസ, പാരഇൻഫ്ലുവൻസ, അഡിനോവൈറസുകൾ തുടങ്ങിയവ തൊട്ടുതാഴെയായി വരും. പരമാവധി ഒരാഴ്ച നീണ്ടു നിൽക്കുന്ന ജലദോഷം, തൊണ്ടവേദന, ചുമ, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 99.99% ആൾക്കാരും പരിപൂർണ സുഖം പ്രാപിക്കും. കുറേക്കാലത്തേക്ക് ഇവയ്ക്കെതിരെയുള്ള പ്രതിരോധശേഷി രക്തത്തിലുണ്ടാകുന്നതുകൊണ്ട് ഉടനൊന്നും അതേ വൈറസ് കൊണ്ട് പനി ഉണ്ടാകില്ല. 

എവിടെ നിന്നാണ് പുതിയ വൈറസുകൾ വരുന്നത്?

എലികൾ, വവ്വാലുകൾ, പാമ്പുകൾ തുടങ്ങിയവയുടെ വായിൽ പലതരം വൈറസുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഇവയിൽ പലതിനും മനുഷ്യകോശങ്ങളിൽ പെറ്റുപെരുകാനുള്ള ശേഷിയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ധാരാളം മൃഗങ്ങളെയും ഇഴജന്തുക്കളെയും വവ്വാലുകളെയും ജീവനോടെയോ അല്ലാതെയോ കഴിക്കുന്നവരാണ് ചൈനക്കാർ. ഇവയെ വലിയതോതിൽ കശാപ്പു ചെയ്യുന്ന ചന്തകൾ വളരെ വൃത്തിഹീനമാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു ജീവിയിൽനിന്ന് ഒരു വൈറസ് ഒരാളിലേക്കു പകരുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള ശേഷി ആ ആളിൽ അപ്പോൾ ഇല്ലാത്തതിനാൽ അയാളിൽ സാന്നിധ്യമുറപ്പിക്കുകയും മറ്റ് ആളുകളിലേക്കു പകരുകയും ചെയ്യും. രോഗബാധിതർ യാത്ര ചെയ്യുന്നതിനനുസരിച്ച് വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്കു പകരുന്നു. ഇങ്ങനെ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ ഇതു പടരാം. അങ്ങനെയാണ് മഹാമാരി (Pandemic) ആകുന്നത്. രോഗബാധിതരിൽ വളരെചെറിയ ശതമാനമേ മരിക്കുന്നുള്ളൂവെങ്കിലും രോഗബാധിതരുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി മരണസംഖ്യയും കൂടും. 

ഇതിനു മുൻപുണ്ടായ പകർച്ചവ്യാധികൾ

ആരോഗ്യ സംവിധാനങ്ങൾ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാതിരുന്ന കാലഘട്ടങ്ങളിലെ പകർച്ചവ്യാധികൾ ചെറിയ കാലയളവിനുള്ളിൽ ധാരാളം പേരെ  കൊന്നൊടുക്കിയിട്ടുണ്ട്.  1918 ലെ സ്പാനിഷ് ഫ്ലൂ എന്ന് വിളിക്കുന്ന ഇൻഫ്ലുവൻസ വൈറസ് ബാധ ലോകമെമ്പാടും 50 ദശലക്ഷം ആളുകളെയാണ് കൊന്നത്. 2009 ൽ പരന്ന H1N1 ഇൻഫ്ലുവൻസ വൈറസ് പന്നിയിൽനിന്നും പക്ഷിയിൽനിന്നും ഒരു പ്രത്യേക രീതിയിൽ ആണ് ഉത്ഭവിച്ചത്. ഏകദേശം രണ്ടര ലക്ഷം ആളുകൾ ആണ് ആദ്യവർഷത്തിൽ മരിച്ചത്. ഇപ്പോഴും ശൈത്യകാലങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പടർന്നു പിടിക്കുന്ന ഇൻഫ്ലുവൻസ കാരണം വർഷംതോറും ശരാശരി 5 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. 

കൊറോണ വൈറസ് കാരണമുണ്ടായിട്ടുള്ള പകർച്ചവ്യാധികൾ

2003 ൽ ആണ് സാർസ് (Severe Acute Respiratory Syndrome-SARS) എന്നു വിളിയ്ക്കുന്ന പകർച്ചവ്യാധി ചൈനയിൽ ഉണ്ടായത്. വവ്വാലുകളോ പാമ്പുകളോ ആയിരിക്കാം ഉറവിടം എന്നാണ് വിലയിരുത്തപ്പെടുന്നത്. താമസിയാതെ ഇത് ലോകമെമ്പാടും എത്തി. 6 മാസത്തിനുള്ളിൽ ഏകദേശം 8000– ൽ പരം ആളുകളെ ബാധിച്ച ഈ പകർച്ചവ്യാധിയിൽ 10% ആളുകൾ മരിച്ചു. 2012–ൽ മെർസ് (Middle East respiratory Syndrome-MERS) എന്നു വിളിക്കുന്ന അസുഖം ഗൾഫ് രാജ്യങ്ങളിൽ ആണ് പൊട്ടിപ്പുറപ്പെട്ടത്. ഒട്ടകങ്ങൾ ആയിരുന്നു ഉറവിടം. 2400 പേരെ ബാധിച്ച ഇതിന് 34% മരണനിരക്കായിരുന്നു. എല്ലാ രോഗങ്ങളിലും പനി, ജലദോഷം, ശ്വാസംമുട്ട് തന്നെയായിരുന്നു ലക്ഷണങ്ങൾ.

പുതിയ കൊറോണ വൈറസ്

മേൽപ്പറഞ്ഞവയിലൊന്നും പെടാത്ത ഒരു പുതിയ കൊറോണ വൈറസ് (Novel corona virus) ആണ് ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണം. സാർസ് വൈറസുമായി 80% സാമ്യമുള്ളതിനാലാണ് വവ്വാൽ/പാമ്പ് ആയിരിക്കാം ഇതിന്റെയും ഉറവിടം എന്ന് കരുതുന്നത്. വുഹാനിലെ മാംസച്ചന്തയിൽ പോയ കുറേപ്പേർ ഒരേ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ ആണ് ഇത് സാർസ് പോലുള്ള ഒരു പുതിയ പകർച്ചവ്യാധിയാണെന്ന് ചൈനീസ് ഡോക്ടർമാർ മനസ്സിലാക്കുന്നത്. രോഗങ്ങൾ പകർച്ചവ്യാധിയുടെ ലക്ഷണങ്ങൾ ഉള്ളവയാണെന്ന് തിരിച്ചറിയപ്പെടണമെങ്കിൽ കുറച്ചു സമയം എടുക്കും. അപ്പോഴേക്കും രോഗം പടർന്നു പിടിക്കാൻ തുടങ്ങും. അത് തന്നെയാണ് ചൈനയിലും സംഭവിച്ചത്. 

രോഗലക്ഷണങ്ങൾ

വിവരങ്ങൾ കൈമാറുന്നതിൽ ഇന്റർനെറ്റ് നിർണായക പങ്കു വഹിക്കുന്നുണ്ട്. ഏകദേശം 150 ആളുകളുടെ രോഗലക്ഷണങ്ങൾ ചൈനീസ് ഡോക്ടർമാർ രാജ്യാന്തര മെഡിക്കൽ ജേണലുകളിൽ അതിവേഗം പ്രസിദ്ധീകരിച്ചു. പനിയും ചുമയും ആണ് പ്രധാന രോഗലക്ഷണങ്ങൾ. മൂക്കൊലിപ്പ് താരതമ്യേന കുറവാണ്. ശ്വാസംമുട്ടുന്നത് രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിൽ പോകാൻ സാധ്യത കുറവായതിനാൽ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ 10 ഇരട്ടിയെങ്കിലും വരും യഥാർഥ രോഗബാധിതരുടെ സംഖ്യ എന്നു വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട മരണനിരക്ക് 2% ആണെങ്കിലും യഥാർഥത്തിൽ ഇതിലും താഴെയേ വരൂ എന്നാണ് അനുമാനിക്കപ്പെടുന്നത്. 

ചികിത്സ

ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളൂ എങ്കില്‍ പ്രത്യേക ചികിത്സ ആവശ്യമില്ല. എന്നാൽ വിട്ടുമാറാത്ത ചുമ, കൂടി വരുന്ന ശ്വാസം മുട്ടൽ തുടങ്ങിയവ ഉണ്ടെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയി ചികിത്സ വേണ്ടി വന്നേക്കാം. ആന്റിബിയോട്ടിക്കുകൾ, ഓക്സിജൻ, വെന്റിലേറ്റർ, ഡയാലിസിസ് എന്നിവ വേണ്ടി വന്നേക്കാം. മറ്റു പല വൈറസുകൾക്കും കൊടുക്കുന്ന മരുന്നുകൾ കൂടുതൽ ഫലം തരുമോ എന്നും പരിശോധിക്കപ്പെടുന്നുണ്ട്. റംദസ്വിർ (Remdesivir) എന്ന പുതിയ മരുന്ന് അമേരിക്കയിൽ ഒരു രോഗിക്ക് വളരെ ഗുണം ചെയ്തതായി ജേണലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകളിൽ പരീക്ഷിക്കപ്പെടുകയാണെങ്കിൽ മാത്രമേ കൃത്യമായി വിലയിരുത്താനാവുകയുള്ളൂ. 

വാക്സിനുകൾ

ജൈവപരമായ സാങ്കേതികതടസ്സങ്ങൾ ഉള്ളതുകൊണ്ട് കൊറോണ വൈറസുകൾക്കെതിരെ ഇതുവരെ വാക്സിൻ നിർമാണം കാര്യമായി പുരോഗമിച്ചിട്ടില്ല. ഒരു വാക്സിൻ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞു വരാൻ കുറഞ്ഞത് മാസങ്ങൾ എടുക്കുമെന്നിരിക്കെ ഇപ്പോഴുള്ള പകർച്ചവ്യാധി തടയാൻ മേൽപറഞ്ഞ മാർഗങ്ങളേ ഉള്ളൂ. 

പ്രതിരോധം

പകർച്ചവ്യാധികളെ തടയണമെങ്കിൽ ജാഗ്രതയോടെ പെരുമാറണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കുകയാണ് എളുപ്പവഴി. പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലാത്ത ആളിൽ നിന്നും അതുണ്ടാകുന്നതിനു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കൂടി വൈറസ് പകരാം എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ചൈനയിൽനിന്നു വന്നവരും അവരുടെ വീട്ടുകാരും യാതൊരു കാരണവശാലും മറ്റുള്ളവരെ സന്ദർശിക്കരുത്. ഹസ്തദാനങ്ങളും അടുത്തിടപഴകലും ചുറ്റിയടിക്കലും ഒഴിവാക്കി മുറിയിൽതന്നെ ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം. 28 ദിവസം ആണ് ഇപ്പോൾ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. അതിനിടയിൽ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ ആരോഗ്യവകുപ്പ് തന്ന നമ്പറിൽ വിളിച്ച് നിർദ്ദേശങ്ങൾ പാലിക്കുക. ഉടനെ മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്ക് കഴുകുകയും വേണം. രോഗിയുടെ വീട്ടിലെ എല്ലാവരും ഇത്തരം പ്രതിരോധ നടപടികൾ എടുക്കേണ്ടത് നിർബന്ധമാണ്. പൊതുസ്ഥലത്ത് ഒരിക്കലും തുപ്പുകയും ചുമയ്ക്കുകയും ചെയ്യരുത്. ചുമയ്ക്കുകയാണെങ്കിൽ നന്നായി മുഖം തുണി/കൈമുട്ട് കൊണ്ട് മറച്ച് മറ്റുള്ളവരിൽ നിന്നും മാറി നിന്ന് ചുമയ്ക്കുക. ഉപയോഗിച്ച വസ്ത്രങ്ങൾ സ്വയം അലക്കിയതിനു ശേഷം ഡെറ്റോളിൽ മുക്കി കഴുകുക. വീട്ടിൽ പ്രായമായവർ, പ്രമേഹരോഗികൾ, ശ്വാസകോശ സംബന്ധമായി അസുഖമുള്ളവർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ചൈനയിൽനിന്നു വരുന്ന എല്ലാവർക്കും കൊറോണ തന്നെയാകണം എന്നില്ല. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അത് വ്യക്തമാകും. 

ആശുപത്രികൾ ശ്രദ്ധിക്കേണ്ടത്

ലോകമെമ്പാടും തിരക്കൊഴിവാക്കാൻ കൃത്യമായ ഒരു റഫറൽ മാതൃകയിലാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ചെറിയ കാര്യങ്ങൾക്കായി അവർ ആദ്യം സമീപിക്കുന്നത് അവരുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയാണ്. മതിയായ കാരണങ്ങളില്ലാതെ അവർ ഒരിക്കലും മുകളിലേക്ക് റഫർ ചെയ്യാറില്ല; രോഗി ആവശ്യപ്പെട്ടാൽ പോലും. തിരക്ക് കുറഞ്ഞ ചികിത്സാ അന്തരീക്ഷം പകർച്ചവ്യാധികളുടെ വ്യാപനം നന്നായി തടയുന്നു. കൊറിയയിൽ നമ്മുടെ നാട്ടിലേതുപോലെ ഒരു ചെറിയ ആശുപത്രിയിൽ പോയി മുകളിലേക്ക് റഫറൽ വാങ്ങി അഡ്മിറ്റ് ആകാൻ കഴിയും. ഗൾഫ് നാടുകളിൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് ബാധിച്ച ഒരു കൊറിയക്കാരൻ നാട്ടിലെത്തി രോഗലക്ഷണങ്ങളുമായി റഫറൽ കാർഡിനായി നാല് ആശുപത്രി കയറി ഇറങ്ങിയത് 186 പേരുടെ രോഗത്തിലും 38 പേരുടെ മരണത്തിലും ആണ് കലാശിച്ചത്. നമ്മുടെ നാട്ടില്‍ റഫറൽ നിയമങ്ങളൊക്കെ ഉണ്ടെങ്കിലും ആരും പാലിക്കാത്ത/പാലിക്കാൻ അനുവദിക്കാത്ത ഒരു സ്ഥിതിവിശേഷം ഒരു കനത്ത മഹാമാരിയുടെ എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കുന്നു. സ്വകാര്യ ആശുപത്രികളിലാകട്ടെ രോഗികൾ ഡോക്ടറെക്കാണാൻ മണിക്കൂറുകൾ കാത്ത് നിൽക്കുന്നു. ഫോൺ വഴി സമയം മുൻകൂട്ടി നിശ്ചയിച്ച് ആ സമയത്ത് മാത്രം വന്ന് തിരക്ക് ഒഴിവാക്കുന്ന ഒരു സംവിധാനത്തിലേക്ക് പോകണം. പകർച്ചവ്യാധിയുടെ മറ്റൊരു പ്രളയം തടയാൻ നിലവിലുള്ള നിയമങ്ങൾ പാലിച്ചാൽ മാത്രം മതിയെന്നിരിക്കെ അത് നടപ്പിലാക്കാത്തത് കോടിക്കണക്കിനു രൂപയുടെ നഷ്ടവും ജീവഹാനിയും വെറുതെ വിളിച്ചു വരുത്തും. 

രോഗികൾ വരുന്ന മുറയ്ക്ക് സാംക്രമിക രോഗം ഉള്ളവരെ (പനി, ജലദോഷം, ചുമ) ചോദിച്ചറിഞ്ഞ് അവരെ ക്യൂവിൽ നിൽക്കാൻ ഇടയാക്കാതെ മറ്റൊരു മുറിയിൽ മാസ്ക് ധരിച്ച് ഇരുത്തുന്ന ട്രയാജ് (Triage) സംവിധാനം ഒരുക്കണം. ഡോക്ടർക്കും മാസ്ക് ധരിച്ച് ഇവരെ പരിശോധിക്കാനുള്ള അവസരം ഇതുവഴി ലഭിക്കുന്നു. സാർസ് പകർച്ചവ്യാധിയിൽ ആരംഭദശയിൽ 50 ഓളം ആശുപത്രി ജീവനക്കാരാണ് രോഗബാധിതരായത്. നിസ്സാരമായി ചെയ്യാവുന്ന ഇത്തരം സംവിധാനങ്ങൾ എല്ലാ ആശുപത്രികൾക്കും ഒരുക്കാവുന്നതേയുള്ളൂ. 

പകർച്ചവ്യാധികൾ തടയാം, പൗരബോധത്തോടെ

ഒരു ഡോക്ടർക്ക് ഒരു രോഗിയെ ചികിത്സിച്ച് സുഖപ്പെടുത്താൻ പറ്റുമായിരിക്കാം. എന്നാൽ തിരക്കൊഴിഞ്ഞ ആശുപത്രികൾ, റോഡിൽ തുപ്പാത്ത ജനങ്ങൾ, അസുഖങ്ങൾ വരുമ്പോൾ അത് മറ്റുള്ളവർക്ക് പകരരുത് എന്ന മനോഭാവം, ഇതിനെയെല്ലാം പിന്തുണയ്ക്കുന്ന ഭരണസംവിധാനങ്ങൾ – ഇവയെല്ലാം ഉണ്ടെങ്കിലേ ഒരു പകർച്ചവ്യാധിയെ തോൽപ്പിക്കാനാകൂ. നിപ്പയെയും പ്രളയത്തെയും തോൽപിച്ച നമുക്ക് ഇത് സാധിച്ചെടുക്കാവുന്നതേയുള്ളൂ.