കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: 20 പേര്‍ മരിച്ചു

kolkotta fire accident
കൊല്‍ക്കത്ത: നഗരത്തിലെ തിരക്കേറിയ ഭാഗമായ സിയാള്‍ദ ചന്തയിലെ ബഹുനില വ്യാപാര കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു സ്ത്രീയുള്‍പ്പെടെ 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

മരിച്ചവരില്‍ 14 പേരെ തിരിച്ചറിഞ്ഞു. സിയാള്‍ദ റെയില്‍വേ സ്റ്റേഷനുസമീപം “സൂര്യ സെന്‍ മാര്‍ക്കറ്റ്”എന്നറിയപ്പെടുന്ന അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വെളുപ്പിനായിരുന്നു അഗ്നിബാധ. കെട്ടിടത്തിലെ മുറികളിലും വാരന്തകളിലും മറ്റും ഉറങ്ങിക്കിടന്നവരാണ് അഗ്നി ബാധയ്ക്ക് ഇരയായത്. മൂന്നാംനിലയില്‍നിന്ന് വെളുപ്പിന് 3.45 നാണ് ആദ്യം തീ പടര്‍ന്നത്. ഫ്രിഡ്ജിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസും അഗ്നിശമനസേനയും അറിയിച്ചു. ഒന്നും രണ്ടും നിലകളിലാണ് വന്‍ നാശമുണ്ടായത്. നിരവധി ഗ്യാസ് സിലിണ്ടറുകള്‍ മൂന്നാമത്തെ നിലയില്‍ സൂക്ഷിച്ചിരുന്നു. ഇടുങ്ങിയ പ്രവേശനകവാടം മാത്രമാണ് കെട്ടിടത്തിനുണ്ടായിരുന്നത്. അതിനാല്‍ അഗ്നിശമനസേനയ്ക്ക് രക്ഷാപ്രവര്‍ത്തനം എളുപ്പമായില്ല. 26 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ആറു മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്.

മരിച്ചവരിലും പൊള്ളലേറ്റവരിലും അധികവും മാര്‍ക്കറ്റില്‍ പണിയെടുക്കുന്ന ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനത്തുനിന്നും ബംഗാളിലെ ഗ്രാമങ്ങളില്‍നിന്നും വന്ന തൊഴിലാളികളാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ എം കെ നാരായണന്‍, പ്രതിപക്ഷനേതാവ് സൂര്യകാന്ത്മിശ്ര എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പൊള്ളലേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 2011 ഡിസംബറില്‍ കൊല്‍ക്കത്തയിലെ ആശുപത്രിക്ക് തീ പിടിച്ച് രണ്ട് മലയാളി നേഴ്സുമാരുള്‍പ്പെടെ 93 പേര്‍ മരിച്ചു.