കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന മതി


കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതി. ഡിസ്ചാർജ്ജിനു മുമ്പ് പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ്

 സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി മുതല്‍ ആന്റിജന്‍ പരിശോധനാ റിസള്‍ട്ട് മതിയെന്നാണ് പുതിയ തീരുമാനം. ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിസള്‍ട്ട് വന്ന ശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഈ രീതിക്കാണ് മറ്റം വരുത്തിയിരിക്കുന്നത്.

ഡിസ്ചാർജ്ജിനു മുമ്പ് പിസിആര്‍ പരിശോധന നടത്തണമെന്ന മുന്‍ നിര്‍ദേശം തിരുത്തി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കി. നേരത്തെ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ഉറപ്പാക്കിയശേഷം മാത്രമേ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുള്ളു.

സംസ്ഥാനത്ത് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാന്‍ കാലതാമസം നേരിടുന്നെന്ന റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ അസുഖം ഭേദമായവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍നിന്നു ഡിസ്ചാജ്ജ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനമെന്ന്  റിപ്പോർട്ട് ചെയ്തത്. 

ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂറില്‍ തന്നെ റിസള്‍ട്ട് അറിയാന്‍ സാധിക്കും. ഇങ്ങനെ വകുമ്പോള്‍ ഡിസ്ചാര്‍ജുകള്‍ വേഗത്തിലാക്കുകയും ചെയ്യാം. ഇത് രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ ആദ്യത്തെ പത്തുദിവസത്തിന് ശേഷം ആന്റിജന്‍ പരിശോധന നടത്താം. ഇത് നെഗറ്റീവ് ആണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

ആന്റിജന്‍ ടെസ്റ്റ് നടത്തി ഡിസ്ചാർജ്ജാകുന്നയാൾ ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും പുതിയ ഉത്തരവിലുണ്ട്. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന കാലയളവില്‍ ആളുകള്‍ കൂടുന്ന സ്ഥലത്ത് പോകരുതെന്നും നിർദേശങ്ങൾ വ്യക്തമാക്കുന്നു. കാറ്റഗറി ബിയില്‍പ്പെട്ട കടുത്ത ലക്ഷണങ്ങളുള്ള രോഗികളെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും പതിനാലു ദിവസത്തെ ചികില്‍സയ്ക്ക് ശേഷം ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കാം.