കോട്ടയംകാർക്കും വേണം ഒരു ജലസേചന പദ്ധതി…

മീനച്ചിലാറ്റിലും മണിമലയാറ്റിലും 365 ദിവസവും കണ്ണാടിപോലെ തുളുമ്പി ഒഴുകുന്ന തെളിനീര്…സ്വപ്നമല്ലനമ്മൾ കോട്ടയംകാർക്കും വേണം ഒരു ജലസേചന പദ്ധതി… ഇപ്പോൾ മുറവിളി കൂട്ടിയാൽ മാത്രം കിട്ടും…അല്ലെങ്കിൽ ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല…ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ വൈദ്യുത നിലയം സ്ഥാപിക്കാനുള്ള രൂപരേഖ തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്… https://www.manoramaonline.com/news/kerala/2020/07/12/new-power-station-to-build-in-idukki.html കോട്ടയം ജില്ലയ്ക്ക് എന്താണ് ഇതിൽ കാര്യം…??? കോട്ടയം ജില്ലയുടെ കുടിവെള്ള, കൃഷി, വ്യവസായ ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന ജലസ്രോതസ്സ് എന്നത് വർഷത്തിൽ അഞ്ചു മാസം മാത്രം കഷ്ടപ്പെട്ട് ഒഴുകുന്ന മീനച്ചിലാറിനെയും മണിമലയാറിനെയും കേന്ദ്രീകൃതം ആയിട്ടുള്ളതാണ്, എന്നാൽ ബാക്കി വരുന്ന ഏഴു മാസകാലത്തേക്ക് ജില്ലയുടെ ജല ആവശ്യകതകൾ നിർവഹിക്കാനായി കേവലം ഒരു ചെറിയ ജലസേചനപദ്ധതി പോലും പേരിനുപോലും നിലവിലില്ല . ചെറിയ ചെക്ക് ഡാമുകൾ വഴിയാണ് നാം ഈ ആവശ്യകത നിർവഹിച്ചു പോകുന്നത്, ഇന്നി ഇപ്പോൾ അപ്പോൾ ഒരു ബ്രഹത്പദ്ധതിയെക്കുറിച്ച് ആലോചിച്ചാൽ നടപ്പാക്കാൻ നന്നായി വിയർക്കേണ്ടിവരും കാരണം സാമ്പത്തികമായി ഇത്തരം ജലസേചന/വൈദ്യുതപദ്ധതികൾ ഇപ്പോൾ ലാഭകരമല്ല, നടപ്പാവുകയും ഇല്ല. അവിടെയാണ് ഇടുക്കിയുടെ രണ്ടാംഘട്ട പദ്ധതിയുടെ പ്രസക്തി…രണ്ടാംഘട്ട പദ്ധതിയിൽ കുളമാവിൽ നിന്ന് പുതിയ intake സ്ഥാപിച്ചു പുതിയതായി പണിയുന്ന പവർഹൗസിൽ എത്തിച്ചു (130 – മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകൾ) ഉത്പാദനശേഷമുള്ള ജലം വീണ്ടും തൊടുപുഴ ആറ്റിലേക്ക് തന്നെ തുറന്നുവിടുന്നു (ഒന്നാം ഘട്ടത്തിലെ ജലവും ഇവിടെത്തന്നെ തന്നെ വന്നുചേരും) അതായത് ഇരട്ടി ജലം തൊടുപുഴ, മൂവാറ്റുപുഴ, എറണാകുളം മേഖലയിൽ നിലവിലുള്ള ജലവാഹന പാതകളിലൂടെ തുറന്നു വിടുന്നു, ആ കൂടുതലായി വരുന്ന ജലം ഈ മേഖലയ്ക്ക് താങ്ങാനുള്ള ശേഷി ഉണ്ടോ എന്നുള്ളത് ഇവിടെ ചിന്തികേണ്ടിയതുണ്ട്…! എന്നാൽ ഈ പുതിയ പദ്ധതിയിൽനിന്ന് വരുന്ന അധിക ജലം കോട്ടയം ജില്ലയ്ക്ക് നൽകുകയാണെങ്കിൽ കോട്ടയം ജില്ലയെ ജലസമൃദ്ധിയിൽ നീരാട്ടുവാൻ സാധിക്കും. നിലവിലെ പദ്ധതിയിൽ കോട്ടയം ജില്ലയ്ക്ക് ചെറിയൊരു ശതമാനം ജലം നൽകുന്നതിനെ ഇടുക്കി, എറണാകുളം വാസികൾ ശക്തിയുക്തം എതിർത്തിരുന്നു അതിനാൽ തന്നെ നമ്മുടെ മുൻകാല പദ്ധതികൾ യാതൊന്നും തന്നെ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.ഇവിടെയാണ് നമ്മൾ കോട്ടയംകാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. ഈ പുതിയ പദ്ധതിയിലെ ജലം നമുക്ക് വേണം… തൊടുപുഴ ആറ് കണ്ടിട്ടുള്ളവർക്ക് അറിയാം 365 – ദിവസവും തെളിനീര് പോലത്തെ ജലമാണ് കുത്തി ഒഴുകുന്നത് അത് അതേപോലെ നമ്മുടെ മീനച്ചിലാറ്റിൽ വന്നാലോ സ്വപ്നമല്ല… ഉണർന്നു പ്രവർത്തിച്ചാൽ നടക്കും… വേണ്ടിവന്നാൽ മണിമലയാറ്റിലും ഇവിടെനിന്ന് ഇന്ന് ജലം എത്തിക്കാൻ സാധിക്കും (അങ്ങനെയൊരു പഴയ പദ്ധതിരൂപരേഖയിൽ ഉറങ്ങുന്നതായി മീനച്ചിലാറിന്റ്റെ രക്ഷക്കായി പ്രവർത്തിക്കുന്ന ‘കർഷകവേദി’ സുഹൃത്തുക്കൾ പറയുന്നു – അടുക്കത്ത് അണകെട്ടി മണിമലയാറ്റിലേക്കു തിരിച്ചുവിടുന്ന പദ്ധതി) സ്വപ്നം യാഥാർഥ്യമാക്കാൻ എന്താണ് വഴി … ??? 1 . ഇന്ന് ഇടുക്കിയുടെ പുതിയ പദ്ധതി പ്രകാരം പുതിയ പവർഹൗസ് മൂലമറ്റത്ത് ഇപ്പോഴത്തെ പദ്ധതിപ്രദേശത്തോട് ചേർന്ന് തന്നെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെയെങ്കിൽ ഇതിൽ നിന്നും വരുന്ന ജലം നേരെ തൊടുപുഴ ആറ്റിലേക്ക് കൊണ്ടുപോകാതെ ഒരു മലയുടെ (വാഗമൺ മലനിരയുടെ) മറുപുറത്തു കിടക്കുന്ന നമ്മുടെ ഈ പ്രദേശത്തെ മീനച്ചിലാറിന്റെ ഏതെങ്കിലുമൊരു കൈവഴിയിൽ എത്തിക്കുക എന്നുള്ളതാണ്. ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, പക്ഷേ പുതിയ സാഹചര്യത്തിൽ ഇത് നടപ്പാക്കാൻ എളുപ്പമായിരിക്കും.2 . രണ്ടാമതായി ചെയ്യാൻ സാധിക്കുന്നത് പവർഹൗസ് മൂലമറ്റത്ത് അല്ലാതെ മൂന്നിലവ്, അടുക്കം, മേലുകാവ് തുടങ്ങിയ മേഖലയിലോ, അല്ലെങ്കിൽ മീനച്ചിലാറിന്റ്റെ കൈവഴികൾ ഉള്ള ഏതെങ്കിലും മേഖലയിൽ സ്ഥാപിക്കുക എന്നുള്ളതാണ്. ഇതിൽ അതിശയോക്തി തോന്നേണ്ട…. കാരണം ഇടുക്കി ജലപദ്ധതി തുടങ്ങുന്ന സമയത്ത് പവർഹൗസ് നിർമ്മാണത്തിനായി ഈ പറഞ്ഞ മേഖലകളെ പരിഗണിക്കുകയൂം അത് പഠനവിധേയമാക്കിയിരുന്നതായും കേട്ടിട്ടുണ്ട്, അങ്ങനെയെങ്കിൽ അതിൻറെ പഠനറിപ്പോർട്ടുകളും മറ്റും കെ.സ്.ഇ.ബിയുടെ കൈവശം ഉണ്ടാകാം. സംശയിക്കേണ്ട… ഇടുക്കി പദ്ധതി പ്രദേശവും നമ്മൾ പറഞ്ഞ നമ്മുടെ മേഖലകളും ഒരു മലയുടെ(വാഗമൺ മലനിര) മാത്രം മറവിൽ കിടക്കുന്ന പ്രദേശങ്ങളാണ് , സംശയമുള്ളവർ ഗൂഗിൾ മാപ്പ് ഒന്ന് നോക്കുക. ആയതിനാൽ ഒരു മല മാത്രം തുരന്ന് പദ്ധതിക്ക് ആവശ്യമായ വെള്ളം പെൻസ്റ്റോക്ക് പൈപ്പ് വഴി നമ്മുടെ പ്രദേശത്തു അനുയോജ്യമായ സ്ഥലത്ത് നിർമ്മിക്കാവുന്ന പവർഹൗസിൽ എത്തിച്ചാൽ നമ്മുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക് എത്തും, കൂടാതെ കോട്ടയം ജില്ലയ്ക്കും ഒരു ജലസേചന/വൈദ്യുത പദ്ധതി കിട്ടുക കൂടി ചെയ്യും (കോട്ടയംകാർക്ക് ഇത്തരത്തിലുള്ള ഒരു പദ്ധതി പോലും ഇല്ല എന്നുള്ളത് കൂടി ഓർക്കണം). മഴക്കാലത്ത് മാത്രമായി കൃഷി ചെയ്യുന്ന നമ്മുടെ നെൽപ്പാടങ്ങളിലും, റബ്ബർ മരങ്ങൾ മാറ്റി മറ്റു പുതുകൃഷിയിലേക്ക് തിരിയുന്ന നമ്മുടെ കൃഷിയിടങ്ങൾക്കും ഈ പദ്ധതി വലിയ ഒരു അനുഗ്രഹമായി മാറും… തൊടുപുഴയും, മൂവാറ്റുപുഴയും വളർന്നത്പോലെ ഇരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം തുടങ്ങിയ നഗരങ്ങൾ വ്യാവസായികമായി കുതിക്കാൻ തുടങ്ങും. കൂടാതെ മണിമലയാറ്റിൽ ഈ പദ്ധതി പ്രകാരം വെള്ളം എത്തിക്കാൻ സാധിച്ചാൽ കോട്ടയം ജില്ല മുഴുവനായി മാത്രമല്ല കുട്ടനാടൻ മേഖലയിലെ കുതിപ്പിനു വരെ ഇത് കാരണമാകും. ഇതിൽ നിന്ന് വരുന്ന നേട്ടങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും. പിന്നെ ഇടുക്കി ഡാമിലെ വെള്ളം നമ്മുടെ മീനച്ചിലാറിലെ വൃഷ്ടിപ്രദേശത്ത് നിന്ന് കൊണ്ടുപോകുന്ന ജലം കൂടി ഉൾപ്പെടുന്നതാണ് എന്നത് വിസ്മരിച്ചുകൂടാ, അതുകൊണ്ട് അതിലെ ഒരു പങ്ക് പറ്റുന്നതിൽ യാതൊരു വിധ കുണ്ഠിതവും തോന്നേണ്ടതില്ല. 365 – ദിവസവും തെളിനീരാൽ തുള്ളി തുളുമ്പി ഒഴുകുന്ന മീനച്ചിലാറും, മണിമലയാറും സ്വപ്നം കണ്ടുകൊണ്ട് ഇവ പ്രാവർത്തികമാക്കാൻ അധികാരികളെ ഉണർത്തണം… അതിനു ജനപിന്തുണയും, ജനരോഷവും ആണ് ആവശ്യം… ഈ പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന ഈ സമയത്ത് തന്നെ നമ്മൾ ഈയൊരു ക്യാംപെയിൻ സോഷ്യൽമീഡിയ വഴിയും മറ്റു മീഡിയ വഴിയും ഏറ്റെടുക്കണം, നമ്മൾ കോട്ടയംകാരുടെ ആവശ്യം ആദ്യം അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പക്കൽ എത്തട്ടെ… ഈ ക്യാംപയിൻ എല്ലാവരും ഏറ്റെടുക്കുക… വിജയിപ്പിക്കുക…