കോട്ടയം ജില്ലയിൽ 104 വാർഡുകളിൽ ബിജെപി സഖ്യം വിജയിച്ചു

തിരഞ്ഞെടുപ്പിൽ ബിജെപി സജീവ സാന്നിധ്യം അറിയിച്ചെന്നു ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റുമാനൂർ, കോട്ടയം നഗരസഭകളിൽ നല്ല വിജയമാണു നേടിയത്. ജില്ലയിൽ 104 വാർഡുകളിൽ ബിജെപി സഖ്യം വിജയിച്ചു. ഇതിൽ 97 വാർഡുകളിൽ താമര ചിഹ്നത്തിലാണ് സ്ഥാനാർഥികൾ മത്സരിച്ചത്. ഭരണ–പ്രതിപക്ഷ മുന്നണികളെ ഒരേപോലെ എതിർത്തും മാറ്റത്തിനു വേണ്ടിയുള്ള ബിജെപിയുടെ മുദ്രാവാക്യവും ജനങ്ങൾ സ്വീകരിച്ചു.

മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ചേർന്നു പ്രചാരണം നിയന്ത്രിച്ച ജില്ലയിലാണ് ബിജെപി ശക്തി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണച്ചാൽ മാത്രം ഭരണത്തിലേറാൻ കഴിയുന്ന പഞ്ചായത്തുകളിൽ ആരെ പിന്തുണയ്ക്കുമെന്നു പിന്നീട് തീരുമാനിക്കുമെന്നു സംസ്ഥാന സെക്രട്ടറി എൻ.കെ. നാരായണൻ നമ്പൂതിരി, നിയോജക മണ്ഡലം പ്രസിഡന്റ് സി.എൻ. സുഭാഷ് എന്നിവർ പറഞ്ഞു.