കോട്ടയത്ത് പരിശോധനാഫലം വൈകുന്നു, രോഗം ഉണ്ടോ എന്നറിയാൻ 10 ദിവസം കാത്തിരിക്കണോ?


14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ആ യുവാവ്. വീട്ടിലെത്തി അൽപസമയം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിന്റെ വിളി വന്നു– നിങ്ങളുടെ പരിശോധനാഫലം പോസിറ്റീവാണ്. ഇതിനകം യുവാവ് കണ്ടവരൊക്കെ ക്വാറന്റീനിലായി. ഇതു ജില്ലയിലെ ആന്റിജൻ പരിശോധനയുടെ സ്ഥിതി. ആർടിപിസിആർ പരിശോധനയ്ക്കു സ്രവം കൊടുത്താൽ ഫലം വരാൻ 5 മുതൽ 10 ദിവസം വരെ കാത്തിരിക്കണം.ഫലം വരുന്നതു വരെ പുറത്തിറങ്ങാൻ പറ്റില്ലെന്നാണു നിയമം. ചിലർ ഇതു കൃത്യമായി അനുസരിക്കും. ചിലർ ഫലം വരുന്നതു വരെ കുഴപ്പമില്ലെന്നു കരുതി സ്വതന്ത്രമായി ജീവിക്കും. പരിശോധനാഫലം വൈകുന്നതു മൂലമുള്ള പ്രശ്നങ്ങളാണിവ. 

വൈകാൻ എന്താണു കാരണം? 

∙ ജില്ലയിൽ ഒരു ദിവസം ആർടിപിസിആർ പരിശോധനയ്ക്കായി നൽകുന്ന സാംപിളുകൾ 900 മുതൽ 1300 വരെ. എന്നാൽ ശേഖരിക്കുന്നതിന്റെ മൂന്നിലൊന്നു സാംപിൾ മാത്രമേ ദിവസവും പരിശോധിക്കാൻ ജില്ലയിൽ സാധിക്കൂ. 

പരിശോധനാ കേന്ദ്രങ്ങൾ 2: കോട്ടയം മെഡിക്കൽ കോളജ്, തലപ്പാടി ഐയുസിബിആർ 

∙ തലപ്പാടിയിൽ ഇടുക്കി ജില്ലയില സാംപിളുകളും പരിശോധിക്കുന്നു. ഇതു മൂലം ഇടുക്കിയിലും കോട്ടയത്തും ഒരു ദിവസം എടുക്കുന്ന സാംപിളുകൾ മുഴുവൻ പരിശോധിച്ചു ഫലം കണ്ടെത്താൻ കഴിയുന്നില്ല. സ്രവസാംപിളുകൾ നൽകിയവർ ഫലം അറിയാതെ കാത്തിരിക്കേണ്ടിവരുന്നു. 

നെഗറ്റീവ് ആയാൽ പിന്നെയും കാത്തിരിപ്പ് 

∙ പോസിറ്റീവ് ആയ ആളുകളെ വിവരം അറിയിച്ച ശേഷം ചികിത്സാകേന്ദ്രത്തിലേക്കു മാറ്റും. ഇതിനാണു മുൻഗണന. അതു കഴിഞ്ഞാൽ പരിശോധനാഫലം നെഗറ്റീവ് ആയവരുടെ വിവരം കംപ്യൂട്ടർ ഡേറ്റയാക്കി മാറ്റും. ഇതും കഴിഞ്ഞു നെഗറ്റീവായവരെ വിളിച്ചു പറയുമ്പോഴേക്കു ദിവസങ്ങൾ കഴിയും. ഫലം പോസിറ്റീവ് ആകുന്നതിനെക്കാൾ കാലതാമസമുണ്ടാകും നെഗറ്റീവ് ആയി എന്നറിഞ്ഞ് ആശ്വസിക്കാൻ. പലരെയും നെഗറ്റീവ് ആയ വിവരം അറിയിക്കാറേയില്ല 

പരിശോധനകൾ 3 രീതിയിൽ: 

∙  ആന്റിജൻ പരിശോധന, ആർടിപിസിആർ പരിശോധന, ട്രൂനാറ്റ് ടെസ്റ്റ് (ഇത് അപകടമരണം, അടിയന്തര ശസ്ത്രക്രിയ പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ മാത്രം. ഒരു മണിക്കൂറിൽ ഫലം ലഭിക്കും. ഇതിനു സൗകര്യം മെഡിക്കൽ കോളജിൽ മാത്രം) 

’38 ലക്ഷം രൂപ വിലവരുന്ന ഓട്ടമാറ്റിക് ആർഎൻഎ എക്സ്ട്രാക്ടർ ഇന്നലെ ലഭിച്ചു. ഇത് ഉപയോഗിക്കുന്നതോടെ സാംപിളുകൾ പരിശോധിക്കാൻ എടുക്കുന്ന സമയം പകുതിയായി കുറയും. കൂടുതൽ സാംപിളുകൾ പരിശോധിക്കാനായി 11 ജീവനക്കാരെ അടുത്ത ആഴ്ച മുതൽ നിയോഗിക്കും. ഇപ്പോൾ രണ്ടു ഷിഫ്റ്റായാണു പരിശോധന. ഇതു മൂന്നു ഷിഫ്റ്റ് ആക്കും. –ഡോ. കെ.പി.മോഹനകുമാർ (തലപ്പാടി ഐയുസിബിആർ ഡയറക്ടർ)