കോട്ടയത്ത് പെയ്തിറങ്ങിയത് ഇക്കൊല്ലത്തെ ഏറ്റവും വലിയ മഴ

സംസ്ഥാനത്ത് ബുധനാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിൽ. ശരാശരി 10.84 സെന്റീമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും 10 സെന്റീമീറ്ററിൽ അധികം മഴ ലഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് 8 നു തുടങ്ങിയ മഴ ഇടവേളയില്ലാതെ 5 മണിക്കൂർ പെയ്തു. 1 മുതൽ 14 വരെ ജില്ലയിൽ 53.94 സെമീ മഴ പെയ്തു. ഓഗസ്റ്റ് മാസത്തിൽ ജില്ലയ്ക്കു ലഭിക്കേണ്ട ശരാശരി മഴ 39 സെമീ ആണ്. കഴിഞ്ഞ ഓഗസ്റ്റിൽ 61.71 സെമീ മഴ ലഭിച്ചു.
ബുധനാഴ്ച പെയ്തത് കോട്ടയത്തെ ഈ വർഷത്തെ ഏറ്റവും വലിയ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. 10.6 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് ഈ വർഷം കോട്ടയം മാപിനിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴയാണ്. കഴിഞ്ഞ 8 മുതൽ മിക്ക ദിവസങ്ങളിലും 40 മില്ലിമീറ്റർ മീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി. മലയോര മേഖലയിലും കനത്ത മഴയാണു ലഭിച്ചത്. തീക്കോയിയിൽ 15.7 സെമീ മഴ ലഭിച്ചു. ഇതാണു മീനച്ചിലാറ്റിൽ വെള്ളം ഉയരാൻ കാരണമായത്.

മലയോര മേഖലയിൽ ഉരുൾപൊട്ടി എന്ന വ്യാജ വാർത്ത ഇടവേളയില്ലാതെ പരക്കുന്നുണ്ടായിരുന്നു. മഴ മുന്നറിയിപ്പ് ഉള്ളതിനാൽ മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ 4 പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചതു കാരണമാണു വ്യാജപ്രചാരണം. ബുധനാഴ്ച മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്നതു വ്യാജ പ്രചാരണത്തിനു ശക്തി പകർന്നു. മലയോര മേഖലയിലെ കനത്ത മഴയാണു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ മേഖലയിലെ ചിത്രങ്ങൾ അടക്കം ഉപയോഗിച്ചാണു സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം. വ്യാജവാർത്ത ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും ആശങ്ക പരത്തി.