കോട്ടയത്ത് യു.ഡി.എഫിന് കൂടുതല്‍ കിട്ടിയത് നാലരശതമാനം വോട്ടുകള്‍

കോട്ടയം: ജില്ലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവ്യത്യാസം നാലരശതമാനം. യു.ഡി.എഫിന് പോള്‍ ചെയ്ത വോട്ടിന്റെ 39 ശതമാനം ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 34.5 ശതമാനം വോട്ടു കിട്ടി. ബി.ജെ.പി. നേടിയത് 12.93 ശതമാനം വോട്ടുകള്‍.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 1502699 വോട്ടര്‍മാരില്‍ 1182715 പേരാണ് വോട്ടു ചെയ്തത്. പോളിങ് ശതമാനം 77.8.
22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് 462052 വോട്ടുകളും ആറ് നഗരസഭകളില്‍ നിന്നായി 30,988 വോട്ടുകളുമാണ് യു.ഡി.എഫിന് കിട്ടിയത്. എല്‍.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് 381185 ഉം നഗരസഭകളില്‍ 26885 വോട്ടുമാണ് കിട്ടിയത്. മൊത്തം വോട്ടുകള്‍ 408060. ബി.ജെ.പിക്ക് ജില്ലാ പഞ്ചായത്തുകളില്‍ 141888 വോട്ടുകളും നഗരസഭകളില്‍ 11,189 വോട്ടുകളും കിട്ടി.

നാലരശതമാനം വോട്ട് കൂടുതല്‍ ലഭിച്ച യു.ഡി.എഫിന് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിനേക്കാള്‍ ആറു ഡിവിഷനുകള്‍ കൂടുതല്‍ കിട്ടി. യു.ഡി.എഫിന് 14 ഉം എല്‍.ഡി.എഫിന് എട്ടും ഡിവിഷനുകളിലാണ് ജയിച്ചത്. നഗരസഭകളിലും യു.ഡി.എഫ് ഇതേ മേധാവിത്വം പുലര്‍ത്തി. കോട്ടയം, പാലാ നഗരസഭകളില്‍ വ്യക്തമായ ഭൂരിപക്ഷവും ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി നഗരസഭകളില്‍ മേല്‍ക്കൈയും നേടി. വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് എല്‍.ഡി.എഫ് മേല്‍ക്കൈ നേടിയത്. ബി.ജെ.പിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരിടത്തും ജയിക്കാനായില്ല.
നഗരസഭകളില്‍ അവര്‍ക്ക് മികവു കാട്ടാനായി.

ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന്റെ നേട്ടം കൂടുതല്‍ വലുതാണ്. 11 ല്‍ ഒമ്പതിടത്ത് വ്യക്തമായ ഭൂരിപക്ഷം. വാഴൂരില്‍ ഒപ്പത്തിനൊപ്പം എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം വൈക്കത്ത് മാത്രം.

71 ഗ്രാമപ്പഞ്ചായത്തുകളില്‍ 42 ഇടത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. എട്ടിടത്ത് അവര്‍ക്ക് മേല്‍ൈക്കയുമുണ്ട്. ഇടതു മുന്നണിക്ക് കിട്ടിയത് 20 ഗ്രാമപ്പഞ്ചായത്തുകളാണ്.
മൂന്നു മുന്നണികളും ചേര്‍ന്ന് നേടിയത്‌ േപാള്‍ ചെയ്ത വോട്ടിന്റെ 86.43 ശതമാനമാണ്. 13.57 ശതമാനം സ്വന്തമാക്കിയത് ചെറുകിട കക്ഷികളും, സ്വതന്ത്രരും മുന്നണി റിബലുകളുമാണ്. ജില്ലാ പഞ്ചായത്തിനെ അപേക്ഷിച്ച് നഗരസഭകളിലാണ് റിബലുകള്‍ വോട്ടുതട്ടിയത്. അപവാദം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിം അലക്‌സാണ്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ കെ.പി.പോളിനേക്കാള്‍ 3000 ത്തിലേറെ വോട്ടുകളാണ് ജിം അലക്‌സിന് കിട്ടിയത്. ജിം അലക്‌സിന് 14807 വോട്ടും, കെ.പി.പോളിന് 11810 വോട്ടും കിട്ടി. ഇവിടെ ജയിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ബി.മഹേഷ് ചന്ദ്രന് ലഭിച്ചത്. 15425 വോട്ടുമാണ്.