കോരുത്തോട്ടില്‍ പുതിയ വില്ലേജ് ഓഫീസ് – നടപടികള്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്ലാത്ത പഞ്ചായത്തുകളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിന് നടപടി തുടങ്ങി. കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, ടി വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലാണ് പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്നത്.
വിജ്ഞാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിജ്ഞാപനവും തിരുത്തല്‍ വിജ്ഞാപനവും 20ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍മാര്‍ 18ന് വിജ്ഞാപനത്തിന്റെ കരട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
വില്ലേജുകളുടെ രൂപരേഖ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിക്കണം. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ തമ്മില്‍ ധാരണ ഉണ്ടാക്കിയ ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവൂവെന്നും കലക്ടര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് രൂപീകരണം സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാദേശിക യോഗങ്ങള്‍ നേരത്തെ നടന്നിരുന്നു. എഡിഎം ടി വി സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍(ആര്‍ആര്‍) കെ ജി ഈശ്വരന്‍ പോറ്റി, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.